
















കൊല്ലത്ത് ഉത്സവാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടി എന്നാരോപിച്ച് 19കാരനെ കുത്തിക്കൊന്നു. മുഖത്തല കിഴവൂര്‍ സ്വദേശിയായ തേജസിനെയാണ് കുത്തിക്കൊന്നത്. സംഭവത്തില്‍ കിഴവൂര്‍ സ്വദേശികളായ ആദിത്യന്‍, വിനു, പ്രിജിത്, അഖില്‍രാജ് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരും പിടിയിലായി.
മുഖത്തല കിഴവൂര്‍ ചെമ്പകശ്ശേരി ക്ഷേത്രോത്സവത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കെട്ടുകാഴ്ചയിലെ ഫ്‌ലോട്ടിന് മുന്‍പില്‍ നൃത്തം ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടി എന്നാരോപിച്ചാണ് തേജസിനെ പ്രതികള്‍ കുത്തിക്കൊന്നത്. അറിയാതെയാണ് തേജസ് ചവിട്ടിയത്. ഇതില്‍ പ്രകോപിതരായ പ്രതികള്‍ തേജസിനെ വളഞ്ഞിട്ട് ആക്രമിച്ചു. കൈവശം വെച്ചിരുന്ന കത്തിയെടുത്ത് തേജസിന്റെ ഇടുപ്പിലും വയറ്റിലും കുത്തി.
കുത്തുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ തേജസിനെ പിടിച്ചുവെച്ച് കൊടുത്തിരുന്നു. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കൂടി ഉണ്ടായിരുന്നതിനാല്‍ തേജസിനെ കുത്തുന്നതും അവന്‍ നിലവിളിക്കുന്നതും ആരും അറിഞ്ഞില്ല.
തേജസിനെ കുത്തിയ ശേഷം ഉടന്‍തന്നെ പ്രതികള്‍ സ്ഥലത്തുനിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡില്‍ വീണതാകാം എന്ന് കരുതി ചിലര്‍ തേജസിനെ റോഡിന് അരികിലേക്ക് നീക്കിക്കിടത്തി. ഇതിനിടെ സുഹൃത്തുക്കള്‍ തേജസിനെ കണ്ടെത്തുകയും തന്നെ കുത്തിയതായി തേജസ് അവരോട് പറയുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സുഹൃത്തുക്കള്‍ പല വാഹനങ്ങള്‍ക്കും കൈ കാണിച്ചങ്കിലും നിര്‍ത്തിയില്ല. ഒടുവില്‍ ഐസ് കൊണ്ടുപോകുന്ന പിക്അപ് ഓട്ടോറിക്ഷയിലാണ് തേജസിനെ പാലത്തറ സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചത്. പിന്നാലെ രാത്രിയോടെ തേജസ് മരിച്ചു.
അഖില്‍രാജിന്റെ വീട്ടില്‍നിന്നാണ് എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയത്. സംഭവത്തില്‍ അഖില്‍ രാജ് നേരിട്ട് ഇടപെട്ടിട്ടില്ല. എന്നാല്‍ പ്രതികള്‍ക്ക് അഭയം നല്‍കിയതിന് അഖില്‍രാജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ ജുവനൈല്‍ കോടതിയിലും ഹാജരാക്കി.