
















വഴുതക്കാട് വാഹനാപകടക്കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ ചിറ്റ്. അപകടസമയത്ത് മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു. അപകടം ഉണ്ടായപ്പോള്‍ വാഹനം നിര്‍ത്താതെ പോയത് തെറ്റാണ്, അത് പേടി കൊണ്ടായിരുന്നുവെന്നും നടന്‍ പറഞ്ഞു.
വഴുതക്കാടുള്ള ട്രിവാന്‍ഡ്രം ക്ലബ്ബിന് സമീപത്ത് വെച്ച് മണിയന്‍പിള്ള രാജുവിന്റെ കാര്‍ ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റിരുന്നു. ഫെബ്രുവരി 5ന് രാത്രിയാണ് സംഭവം. മണിയന്‍പിള്ള വാഹനം നിര്‍ത്താതെ പോയത് വലിയ വിവാദമായിരുന്നു. വഴുതക്കാടുള്ള ട്രിവാന്‍ഡ്രം ക്ലബ്ബില്‍നിന്ന് മണിയന്‍പിള്ള രാജുവിന്റെ കാര്‍ റോഡിലേക്കിറങ്ങവേയാണ് ബൈക്കിടിച്ചത്. എന്നാല്‍ അന്ന് വാഹനം നിര്‍ത്താതെ പോയ മണിയന്‍പിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തില്ല. വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും നടന്‍ സ്ഥലത്തുണ്ടായാരുന്നില്ല.
സംഭവം വാര്‍ത്തയായതോടെ പിറ്റേന്ന് മണിയന്‍പിള്ള രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. താന്‍ മദ്യപിച്ചിരുന്നില്ലെന്ന് മണിയന്‍പിള്ള രാജു തുടക്കം മുതല്‍ അവകാശപ്പെട്ടിരുന്നെങ്കിലും പൊലീസ് രക്തസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. രണ്ട് മാസത്തിനുശേഷമാണ് പരിശോധനാഫലം വന്നത്. കാര്‍ അമിതവേഗതയില്‍ ആയിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു.