
















നെട്ടയത്ത് അയല്‍വാസികളും ബന്ധുക്കളുമായവര്‍ തമ്മിലെ ഏറ്റുമുട്ടലില്‍ ഇടപെട്ട ബിജെപി പവര്‍ത്തകരെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കില്‍, കമ്മിഷണര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണയിരിക്കും എന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ഡിജിപിക്കും കമ്മീഷണര്‍ക്കുമാണ് സന്ദേശം. ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീലേഖ കാര്യം വ്യക്തമാക്കി.
'ബിജെപി/ സംഘ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിന്‍ എന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഞാന്‍ തിരുവനന്തപുരം കമ്മിഷണര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ ഇരിക്കും എന്നറിയിച്ചുകൊണ്ട് സിറ്റി പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മാധവിക്കും അയച്ച വാട്‌സാപ്പ് സന്ദേശം. ഞാന്‍ ഇപ്പോഴും പോലീസിന്റെ നന്മയില്‍ വിശ്വസിക്കുന്നു. എന്തായാലും നടപടി ഉണ്ടാവും. അതുകൊണ്ട് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.'
ഞായറാഴ്ച വൈകുന്നേരം വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നെട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടിയ സംഭവത്തില്‍ നിരവധി പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഒരു ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകനാണെന്ന് ആരോപിക്കപ്പെടുന്ന അയല്‍ക്കാരന്‍ ഭാര്യയുടെ മാന്യതയെ വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയതായി പരാതിക്കാരന്‍ ആരോപിച്ചു.
ബിജെപി പ്രവര്‍ത്തകന്റെ ആരോപണത്തെ പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പോലീസ് ഇടപെടും, ഇത് റോഡില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി മാറുകയുമായിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്, ബിജെപി പ്രവര്‍ത്തകര്‍ ഒരു പോലീസ് പട്രോളിംഗ് സംഘത്തെ ലക്ഷ്യം വച്ചിരുന്നു. ഇവര്‍ സ്ഥലത്തെത്തിയതും ലാത്തിച്ചാര്‍ജ് നടക്കുകയായിരുന്നു.
പിന്നീട്, പോലീസ് സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. രാത്രി വൈകി നടന്ന അക്രമം റിപ്പോര്‍ട്ട് ചെയ്ത ടെലിവിഷന്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും അവര്‍ രോഷം പ്രകടിപ്പിച്ചു.
രാത്രി 11.51 ഓടെ ബിജെപി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായും പോലീസ് പറഞ്ഞു. അക്രമം വീണ്ടും ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.