
















മുംബൈയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. ഭെണ്ടി ബസാര്‍ നിവാസികളായ 40കാരനായ അബ്ദുല്ല ദൊക്കാഡിയ ഭാര്യ നസ്‌റീന്‍ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. അന്ധേരിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയായിയപുന്നു അബ്ദുല്ല. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയം. 25-ാം തീയതി രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മണിക്കൂറുകള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30ഓടെ ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. ഇവരുടെ അഞ്ച് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ പോയതിന് പിന്നാലെ പുലര്‍ച്ചെ 1നും 1.30നും ഇടയില്‍ നാലംഗ കുടുംബം തണ്ണിമത്തനും കഴിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ 6 മണിയോടെ നാലുപേര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായി. പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും 4 പേരുടേയും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 10.30 ഓടെ സൈനബ്, മൂന്ന് മണിക്കൂറിന് ശേഷം നസ്രീന്‍, വൈകുന്നേരം 5.15 ഓടെ ആയിഷ, രാത്രി 10.15 ഓടെ അബ്ദുള്ള എന്നിവര്‍ മരണപ്പെട്ടു.
സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പഴകിയ തണ്ണിമത്തന്‍ ആണ് കഴിച്ചതെങ്കിലും അത് മരണത്തിന് കാരണമാകാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നാലുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടത്തി, ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു. മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവ ദിവസം വിരുന്നിനെത്തിയ ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.