CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 43 Minutes 35 Seconds Ago
Breaking Now

കുടുംബത്തിലെ നാലുപേരുടെ മരണത്തില്‍ വില്ലന്‍ തണ്ണിമത്തനല്ല; ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി

സാധാരണയായി എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡിന്റെ സാന്നിധ്യമാണ് നാലുപേരുടെയും മൃതദേഹങ്ങളിലും തണ്ണിമത്തന്‍ സാമ്പിളുകളിലും കണ്ടെത്തിയത്.

മുംബൈയിലെ പൈധുനിയില്‍ ഡോക്കാഡിയ കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇവര്‍ കഴിച്ച തണ്ണിമത്തനിലും ഇരകളുടെ ശരീരത്തിലും എലിവിഷത്തിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു.

സാധാരണയായി എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡിന്റെ സാന്നിധ്യമാണ് നാലുപേരുടെയും മൃതദേഹങ്ങളിലും തണ്ണിമത്തന്‍ സാമ്പിളുകളിലും കണ്ടെത്തിയത്. ഇതോടെ, ഇത് വെറുമൊരു ഭക്ഷണവിഷബാധയാണെന്ന പ്രാഥമിക നിഗമനം അധികൃതര്‍ തള്ളി.

ഏപ്രില്‍ 26നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അബ്ദുള്ള ഡോക്കാഡിയ (44), ഭാര്യ നസ്രിന്‍ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. തലേദിവസം രാത്രി എല്ലാവരും തണ്ണിമത്തന്‍ കഴിച്ചിരുന്നതിനാല്‍, പഴത്തിലെ വിഷാംശമാകാം മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ 11 ദിവസത്തെ വിശദമായ അന്വേഷണത്തിന് ശേഷം, ഇത് കൃത്യമായി ആസൂത്രണം ചെയ്ത വിഷപ്രയോഗമാണെന്ന് പോലീസ് കരുതുന്നു. ഇത് ഒരു കൂട്ടആത്മഹത്യയാണോ അതോ ആരെങ്കിലും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണോ എന്നാണ് ഇപ്പോള്‍ പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

തണ്ണിമത്തനില്‍ എങ്ങനെയാണ് വിഷം കലര്‍ന്നതെന്നും അത് അറിഞ്ഞുകൊണ്ട് കഴിച്ചതാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. സംഭവദിവസം രാത്രി വീട്ടിലെ ഡയറിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയതായും സൂചനയുണ്ട്. കൂടുതല്‍ ഫോറന്‍സിക് തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ് പോലീസ്.

ഭക്ഷണ സുരക്ഷയെക്കുറിച്ച് മുംബൈയില്‍ വലിയ ആശങ്കയുണ്ടാക്കിയ ഈ കേസ്, വിഷം കലര്‍ത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലേക്കാണ് ഇപ്പോള്‍ വിരല്‍ചൂണ്ടുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.