
















തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ച് നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) വന്‍ മുന്നേറ്റം നടത്തുന്നു. ആദ്യഘട്ട സൂചനകള്‍ പുറത്തുവരുമ്പോള്‍ 103 സീറ്റുകളില്‍ ടിവികെ ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ ഡിഎംകെ സഖ്യം 53 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 78 സീറ്റുകളിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയൊരു അട്ടിമറിക്കാണ് നിലവില്‍ കളമൊരുങ്ങുന്നത്. ചെന്നൈ നഗരമൊഴികെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഡിഎംകെ സഖ്യത്തെ പിന്നിലാക്കാന്‍ ടിവികെയ്ക്ക് സാധിച്ചു. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ കോട്ടയായ പടിഞ്ഞാറന്‍ തമിഴ്നാട്ടിലും വടക്കന്‍ തമിഴ്നാട്ടിലും എഐഎഡിഎംകെ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും സംസ്ഥാനാടിസ്ഥാനത്തില്‍ ടിവികെ കരുത്തുകാട്ടുകയാണ്.