CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 18 Minutes 16 Seconds Ago
Breaking Now

യു ഡി എഫ് യൂറോപ്പിന്റെ വിജയാഘോഷം രാഷ്ട്രീയ ശക്തിപ്രകടനമായി; യൂറോപ്പിലാകെ ആവേശതിരമാല

യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ അത്യുജ്ജ്വല വിജയത്തിന്റെ ആവേശം യൂറോപ്പിലാകെ അലയടിച്ചു. യു ഡി എഫ് യൂറോപ്പിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഓണ്‍ലൈനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയാഘോഷം ശക്തമായ രാഷ്ട്രീയ പ്രഖ്യാപനവും ജനാധിപത്യ വിശ്വാസികളുടെ ആവേശ സംഗമവുമായി മാറി. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിന് യു ഡി എഫ് പ്രവര്‍ത്തകരും ജനാധിപത്യ സ്‌നേഹികളും പങ്കെടുത്ത പരിപാടി ശ്രദ്ധേയ രാഷ്ട്രീയ കൂട്ടായ്മയായി.

ഇന്ത്യന്‍ സമയം രാത്രി 9.30ന് ആരംഭിച്ച പരിപാടിയില്‍ കേരള രാഷ്ട്രീയത്തിലെ പ്രമുഖ യു ഡി എഫ് നേതാക്കള്‍ അണിനിരന്നു. യുഡിഫ് യൂറോപ്പ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.യുഡിഫ് യൂറോപ്പ് കണ്‍വീനര്‍ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യുഡിഫ് യൂറോപ്പ് കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ് നന്ദി അര്‍പ്പിച്ചു. യുഡിഫ് യൂറോപ്പ് വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് അലി കൂനാരി, ജോയിന്റ് കണ്‍വീനര്‍ ടോമി തൊണ്ടംകുഴി എന്നിവര്‍ ഏകോപനമൊരുക്കി.

 

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കേരള കോണ്‍ഗ്രസ് നേതാവ് അപു ജോസ് എം എല്‍ എ, നിയുക്ത എം എല്‍ എമാരായ റോജി എം ജോണ്‍, സജീവ് ജോസഫ്, ഷിബു തെക്കുമ്പുറം, എ ഡി തോമസ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. യുഡിഎഫിന് വലിയ വിജയം സമ്മാനിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ച പ്രവാസി സമൂഹത്തിനും പ്രതേകിച്ച് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയ യുഡിഫ് യൂറോപ്പ് സംവിദാനത്തിന് നേതാക്കള്‍ നന്ദി പറഞ്ഞു. കേരള ജനത അഹങ്കാര രാഷ്ട്രീയത്തിനെതിരെയും ജനവിരുദ്ധ ഭരണത്തിനെതിരെയും നല്‍കിയ ശക്തമായ വിധിയാണ് യു ഡി എഫിന്റെ ഈ ചരിത്രവിജയമെന്ന് നേതാക്കള്‍ പറഞ്ഞു. പുതിയ കേരളത്തിന്റെ പ്രതീക്ഷയും ജനവിശ്വാസവും യു ഡി എഫിനൊപ്പമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

കേരളത്തിന്റെ സമഗ്ര വികസനം, തൊഴില്‍ അവസരങ്ങള്‍, യുവജന ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, പ്രവാസി ക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ പുതിയ സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകളും ഭാവി പദ്ധതികളും അവര്‍ വിശദമായി അവതരിപ്പിച്ചു. ജനങ്ങളുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജനകീയ ഭരണത്തിന്റെ പുതിയ മാതൃകയാണ് യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

 

വിവിധ രാജ്യങ്ങളിലെ യുഡിഫ് നേതാക്കന്മാരായ ഷൈനു ക്ലെയര്‍ മാത്യൂസ്, ബോസ്, റോണി കുരിശിങ്കല്‍, മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍, ഷെഫീഖ്, സാഞ്ചോ ലൂസി, നവാസ്, ജയരാജ്, റോയ് ജോസഫ്, ജിബീഷ് തങ്കച്ചന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. 

 

തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം പങ്കുവെക്കാനെത്തിയ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ള പ്രവര്‍ത്തകരുടെ സാന്നിധ്യം പരിപാടിയെ അതീവ ആവേശകരമാക്കി. യു ഡി എഫ് യൂറോപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ വിജയാഘോഷം യൂറോപ്പിലെ മലയാളി രാഷ്ട്രീയ സമൂഹത്തിനിടയില്‍ പുതിയ ഉണര്‍വും ആത്മവിശ്വാസവും സൃഷ്ടിച്ചതായി സംഘാടകര്‍ അറിയിച്ചു.

 

കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച ജനവിധിയെ ആഘോഷമാക്കി മാറ്റിയ യു ഡി എഫ് യൂറോപ്പിന്റെ ഈ ഓണ്‍ലൈന്‍ സംഗമം യൂറോപ്പിലുടനീളം വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയ ശക്തമായ വിജയാഘോഷമായി മാറി.

 

Romy Kuriakose

General Secretary

Indian Overseas Congress (IOC) - UK Kerala Chapter

 




കൂടുതല്‍വാര്‍ത്തകള്‍.