
















കൊലപാതകമെന്ന് സംശയം 40 കാരന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പുറത്തെടുത്ത് പോലീസ്. ബെംഗളൂരു രമേശനഗര്‍ സ്വദേശിയായ ഇംതിയാസ് പാഷയുടെ മൃതദേഹമാണ് പോലീസ് പുറത്തെടുത്തത്.
കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടില്‍ അത്താഴം കഴിച്ചതിന് പിന്നാലെ ഇംതിയാസ് പാഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന് തൊട്ടുമുമ്പ് ഭര്‍ത്താവിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി ഭാര്യ നാസിറ ഭാനു ബന്ധുക്കളെ ധരിപ്പിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് വിശ്വസിച്ച് ബന്ധുക്കള്‍ ഇംതിയാസിന്റെ മൃതദേഹം പ്രാദേശിക ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കുകയും ചെയ്തു.
എന്നാല്‍, അടുത്തിടെ ഇംതിയാസിന്റെ ഇളയ സഹോദരന്‍ യൂനുസ് എച്ച്.എ.എല്‍ പോലീസിനെ സമീപിച്ച് മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്. നാസിറ ഭാനുവിന് അവളുടെ സുഹൃത്തായ അസ്ലമുമായി വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടായിരുന്നുവെന്നും അതിനാല്‍ തന്റെ സഹോദരനെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയതാകാന്‍ സാധ്യതയുണ്ടെന്നും യൂനുസ് പോലീസിന് മൊഴി നല്‍കി.
സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇംതിയാസിന്റെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്തു. ബോറിംഗ് ആശുപത്രിയിലെ വിദഗ്ദ്ധ സംഘം ഇംതിയാസിന്റെ അസ്ഥികള്‍, തലയോട്ടി, മറ്റ് ആന്തരികാവയവങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ വിശദമായ രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്നും അതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.