
















ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ നടന്ന മുഹറം ഘോഷയാത്രയുടെ വൈറല്‍ വീഡിയോയോട് പ്രതികരിച്ച് ടെക് ശതകോടീശ്വരനും എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌ക് നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചു.മാഞ്ചസ്റ്ററിലെ തെരുവുകളിലൂടെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത മുഹറം അനുസ്മരണ ഘോഷയാത്രയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മസ്‌ക്, ഇത് മാഞ്ചസ്റ്ററാണെന്ന് വിശ്വസിക്കാനാവുന്നില്ല എന്ന കമന്റ് രേഖപ്പെടുത്തിയത്. വീഡിയോയില്‍ വലിയ ജനക്കൂട്ടം നഗരത്തിലെ പ്രധാന റോഡുകളിലൂടെ സഞ്ചരിക്കുന്നതും മുഹറം അനുസ്മരണ പരിപാടികളില്‍ പങ്കെടുക്കുന്നതും കാണാം.
ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറത്തിന് പ്രത്യേകിച്ച് ഷിയാ മുസ്ലിം സമൂഹത്തില്‍ വലിയ പ്രാധാന്യമുണ്ട്.
മസ്‌കിന്റെ പ്രതികരണം വിവിധ രീതിയിലാണ് വിലയിരുത്തപ്പെടുന്നത്. ഒരു വിഭാഗം, ബ്രിട്ടനിലെ ഒരു നഗരത്തില്‍ ഇത്രയും വലിയ ജനക്കൂട്ടം മതപരമായ ചടങ്ങിനായി ഒത്തുകൂടിയതിലുള്ള അത്ഭുതം മാത്രമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് വാദിക്കുന്നു. മതവിഭാഗങ്ങളെയോ സമൂഹങ്ങളെയോ ലക്ഷ്യമിട്ട വിമര്‍ശനമല്ല ഇതെന്നാണ് ഇവരുടെ നിലപാട്.
അതേസമയം, മറ്റൊരു വിഭാഗം മസ്‌കിന്റെ പരാമര്‍ശം യൂറോപ്പിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും കുടിയേറ്റം, ജനസംഖ്യാപരമായ മാറ്റങ്ങള്‍, മുസ്ലിം സമൂഹങ്ങളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം തുടങ്ങിയ വിഷയങ്ങളെ സൂചിപ്പിക്കുന്നതായിരിക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത്തരം അഭിപ്രായങ്ങള്‍ ശരിയല്ലെന്ന് വിമര്‍ശകര്‍ പറയുന്നു.ഏതായാലും മസ്‌കിന്റെ കമന്റിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ്.