
















സുരക്ഷിതമെന്ന് കരുതുന്ന ഒരു വീട്ടില്‍ പങ്കാളിയുടെ പീഡനങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെടുകയെന്നത് ഏറ്റവും വലിയ ദുരന്തമാണ്. ഇംഗ്ലണ്ടിലും, വെയില്‍സിലും ഇനി ഇത്തരം ഗാര്‍ഹിക പീഡന കൊലകള്‍ അരങ്ങേറിയാല്‍ പത്ത് വര്‍ഷം കൂടുതല്‍ ശിക്ഷയാണ് വിധിക്കുക. നിലവിലെ പങ്കാളിയോ, മുന്‍ പങ്കാളിയോ ഗാര്‍ഹിക പീഡനത്തില്‍ കൊല്ലപ്പെട്ടാല്‍ കുറ്റവാളികള്‍ക്ക് 25 വര്‍ഷം മിനിമം അകത്ത് കിടക്കേണ്ടി വരുമെന്നാണ് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമിയുടെ പ്രഖ്യാപനം.
ഗാര്‍ഹിക പീഡന കൊലപാതകങ്ങളില്‍ മിനിമം ശിക്ഷയില്‍ മാറ്റം വരണമെന്ന് ആവശ്യപ്പെട്ട് ഏഴ് വര്‍ഷക്കാലമായി ഇരകളുടെ അമ്മമാര്‍ നടത്തിവരുന്ന സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ജസ്റ്റിസ് സെക്രട്ടറി ശിക്ഷ വര്‍ദ്ധിപ്പിച്ചത്. കൊല്ലാനുള്ള ഉദ്ദേശത്തോടെ ആയുധമെടുത്തിട്ടുണ്ടെങ്കില്‍ 25 വര്‍ഷത്തെ ശിക്ഷ ലഭിക്കുന്നുണ്ട്. എന്നാല്‍ ഗാര്‍ഹിക കൊലപാതകങ്ങളില്‍ 15 വര്‍ഷമാണ് ചുരുങ്ങിയ ശിക്ഷ. വീട്ടിലേക്ക് പുറമെ നിന്നും ആയുധം എടുക്കുന്നില്ലെന്നതാണ് ഇതിന് കാരണം.
നൂറ്റാണ്ടുകളായി പങ്കാളിയുടെ കൈകളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ നിയമം പരാജയപ്പെട്ടതായി ഉപപ്രധാനമന്ത്രി കൂടിയായ ഡേവിഡ് ലാമി പറഞ്ഞു. വൈവാഹിക ബലാത്സംഗങ്ങളും, ചൂഷണങ്ങളും അടച്ചിട്ട വാതിലുകള്‍ക്ക് അപ്പുറം അരങ്ങേറുന്നു. ഇതില്‍ പല നിയമമാറ്റങ്ങളും നടത്തിയിട്ടുണ്ട്. തെറ്റായ കാര്യങ്ങള്‍ ശരിയാക്കുകയാണ് നമ്മള്‍, അദ്ദേഹം വ്യക്തമാക്കി.
പുരുഷന്‍മാരുടെ ജീവനൊപ്പം സ്ത്രീയുടെ ജീവനും മൂല്യമുണ്ടെന്ന് ഒടുവില്‍ തിരിച്ചറഞ്ഞതിന് നന്ദിയെന്നാണ് കില്‍ഡ് വുമണ്‍ ചാരിറ്റി പ്രതികരിച്ചത്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ പകുതിയാക്കി കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിയമമാറ്റം.