CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 27 Seconds Ago
Breaking Now

ശ്വേത ചെയ്തത് തെറ്റ്, പിഷാരടിയെ ചതിക്കുകയായിരുന്നു; ഓഡിയോ വിവാദത്തില്‍ ബീനാ ആന്റണി

'ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഒരുപാട് വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. സംഘടന പല ചേരികളായി തിരിയുകയും കടുത്ത ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

താരസംഘടനയായ 'അമ്മ'യുടെ താല്‍ക്കാലിക അഡ്‌ഹോക് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന നടന്‍ രമേഷ് പിഷാരടിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട നടി ശ്വേത മേനോനെതിരെ കടുത്ത വിമര്‍ശനവുമായി നടി ബീനാ ആന്റണി. ശ്വേത കാണിച്ചത് വലിയ വിശ്വാസവഞ്ചനയും തെറ്റുമാണെന്ന് ബീന തുറന്നടിച്ചു. ഇത്രയും കാലം അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്ന സുഹൃത്തിനെയാണ് ശ്വേത പരസ്യമായി ചതിച്ചതെന്നും അവര്‍ വ്യക്തമാക്കി.

'അമ്മ' ജനറല്‍ ബോഡിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ബീനാ ആന്റണി പറഞ്ഞത് ഇങ്ങനെ: 'ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഒരുപാട് വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. സംഘടന പല ചേരികളായി തിരിയുകയും കടുത്ത ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ട ആളാണ് ഞാന്‍. എങ്കിലും പിന്നീട് സംസാരിച്ചപ്പോള്‍ അവര്‍ക്ക് ഒരു 45 ദിവസം കൂടി സമയം അനുവദിക്കാമെന്ന് എനിക്ക് തോന്നിയിരുന്നു. അതിനായി ഞാന്‍ സംസാരിക്കുകയും ചെയ്തു.'

പ്രശ്‌നങ്ങളും വാക്കുതര്‍ക്കങ്ങളും രൂക്ഷമായതോടെ തങ്ങള്‍ രാജിവെക്കുകയാണെന്ന് ശ്വേത പ്രഖ്യാപിച്ചതായി ബീന പറയുന്നു. 'ഹാളിന് പുറത്തിറങ്ങിയ ശ്വേത താന്‍ പ്രസിഡന്റ് സ്ഥാനവും അമ്മയിലെ അംഗത്വവും രാജിവെക്കുകയാണെന്ന് മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. ശ്വേതാ, ആ തീരുമാനം ഇപ്പോള്‍ എടുക്കരുതെന്ന് ഞങ്ങള്‍ എല്ലാവരും ഒപ്പമിരുന്ന് ആവശ്യപ്പെട്ടിട്ടും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ സംസാരിച്ചത്,' ബീന ആന്റണി വ്യക്തമാക്കി.

സംഘടനയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കൂടെ നിന്ന വ്യക്തിയാണ് പിഷാരടിയെന്ന് ബീന ചൂണ്ടിക്കാട്ടി. 'ഏറ്റവും നല്ല ജനപിന്തുണയോടെ എംഎല്‍എ ആയി ജനപ്രതിനിധിയായി വന്നയാളാണ് പിഷാരടി. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ട്. ശ്വേതയും പിഷാരടിയും തമ്മില്‍ അത്രയേറെ ആത്മബന്ധമുള്ള സുഹൃത്തുക്കളായിരുന്നു. പിഷാരടി തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ ഉമ്മ നല്‍കുന്ന ഫോട്ടോ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ച ആളാണ് ശ്വേത. അങ്ങനെയുള്ള ഒരാള്‍ തങ്ങള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ട് പിഷാരടിയെ വേദനിപ്പിച്ചതിലും മോശമാക്കിയതിലും വലിയ ദുഃഖമുണ്ട്. ആ ഓഡിയോ പുറത്തുവിടുമ്പോള്‍ രാഷ്ട്രീയമായി വലിയ പദവിയില്‍ നില്‍ക്കുന്ന പിഷാരടിയെ അത് എത്രമാത്രം ബാധിക്കുമെന്ന് ശ്വേത ചിന്തിക്കണമായിരുന്നു. എതിര്‍പ്പാര്‍ട്ടിക്കാരും മറ്റുള്ളവരും പിഷാരടിയെ മോശമായി ചിത്രീകരിക്കാന്‍ ഈ ഓഡിയോ കാരണമായി. ആ അവസ്ഥയിലേക്ക് പിഷാരടിയെ എത്തിക്കാന്‍ പാടില്ലായിരുന്നു. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ട്.' ബീന വ്യക്തമാക്കി.

അവസാന നിമിഷം താന്‍ രാജിവെച്ചിട്ടില്ലെന്നും ഭരണസമിതി ഇനിയും തുടരുമെന്നും ശ്വേത പറയുന്നത് വിരോധാഭാസമാണെന്ന് ബീന ആന്റണി കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊക്കെ കാണിക്കുമ്പോള്‍ നിങ്ങളിലുള്ള വിശ്വാസ്യത തകരുകയല്ലേ എന്നും ബീന ചോദിക്കുന്നു. അമ്മയുടെ നിലവിലെ പോക്കില്‍ വലിയ വേദനയുണ്ടെന്നും, സംഘടനയെ ഇനി കൃത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ശക്തമായി മുന്നിട്ടിറങ്ങണമെന്നും ബീനാ ആന്റണി ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.