CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 14 Minutes 3 Seconds Ago
Breaking Now

ദിവ്യ എസ് അയ്യരെ മാറ്റാന്‍ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നില്‍ അദാനി - വി ഡി സതീശന്‍ ബന്ധം; കെ കെ രാഗേഷ്

വകുപ്പ് ഏറ്റെടുത്തപ്പോള്‍ ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രി ഏറ്റെടുത്തത് യാദൃശ്ചികമല്ല

വിഴിഞ്ഞം പോര്‍ട്ട് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി സിപിഐഎം നേതാവ് കെ കെ രാഗേഷ്. ദിവ്യ എസ് അയ്യരെ മാറ്റാന്‍ അദാനി കബനി നേരത്തെ നീക്കം നടത്തി. ദിവ്യ എസ് അയ്യരുടെ മാറ്റത്തിന് പിന്നില്‍ അദാനി VD സതീശന്‍ ബന്ധം എന്ന് കെ കെ രാഗേഷ് ആരോപിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു കെ കെ രാഗേഷ്.

കെ കെ രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചത്

ചാര്‍ട്ടേഡ് വിമാനത്തില്‍ മംഗലാപുരത്തേക്ക് പോയി വി ഡി സതീശന്‍ അദാനി സംഘത്തെ കണ്ടതിന്റെ ഫലം ഓരോന്നായി പറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. വകുപ്പ് ഏറ്റെടുത്തപ്പോള്‍ ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രി ഏറ്റെടുത്തത് യാദൃശ്ചികമല്ല എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. ഒരു പക്ഷേ മുഖ്യമന്ത്രി തന്നെ തുറമുഖ വകുപ്പും ഏറ്റെടുത്ത കേരള ചരിത്രത്തിലെ ആദ്യത്തെ മന്ത്രിസഭ. മാത്രമല്ല സ്വന്തം ഓഫീസിലെ സെക്രട്ടറിയെ തന്നെ തുറമുഖ വകുപ്പ് സെക്രട്ടറിയും ആക്കി മണിക്കൂറുകള്‍ക്കകം നിയമിക്കുന്നു. വിഴിഞ്ഞം പോര്‍ട്ടിന്റെ വളര്‍ച്ചയില്‍ തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ: ദിവ്യ എസ് അയ്യര്‍ ഐഎഎസ്സിനെ രായ്ക്കുരാമാനം സ്ഥലം മാറ്റുന്നു. പകരം വരുന്നതാകട്ടെ തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ചൊന്നും കൃത്യമായ ധാരണയില്ലാത്ത പുതിയൊരാള്‍!

 

അദാനി പോര്‍ട്ട് അധികൃതര്‍, ജൂണ്‍ 29ന് വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി കൈമാറി കൊണ്ടുള്ള കരാറില്‍ ഒപ്പിടുന്നു. തുടര്‍ന്ന് സെബിയുടെ അംഗീകാരത്തിനായി തിരക്കിട്ട നീക്കവും നടക്കുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ താനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിലുള്ള നിയമസഭയിലെ മറുപടിയും നാം കാണുന്നു. അതേറ്റ് പിടിച്ച് ചില 'നിഷ്‌കളങ്ക' മാധ്യമങ്ങളും രംഗത്തിറങ്ങുന്നു. അസ്സല്‍ ക്രിമിനല്‍ ബുദ്ധി. കൊള്ളാം! പൂക്കി മുഖ്യന്റെ അഭിനയങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന പ്രതിനായകന്റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാന്‍ തുടങ്ങുന്നത്. ഭരണം ആര്‍എസ്എസിന് പണയപ്പെടുത്താന്‍ ശ്രമിക്കുന്നത് പോലെ പൊതു മുതല്‍ അദാനിക്കും തീറെഴുതാനുള്ള എല്ലാ ഇടപാടുകളും നടന്നുകഴിഞ്ഞു!

വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള വ്യതിയാനം വരുത്താന്‍ ശ്രമിച്ച ഘട്ടത്തിലെല്ലാം അത് തടയുന്നതിന് സംസ്ഥാന താല്‍പ്പര്യാര്‍ത്ഥം അതീവ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ഡോ: ദിവ്യ എസ് അയ്യര്‍. അദാനി അധികൃതര്‍ക്ക് ഇത് അന്നേ അത്ര രസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ പലതവണ നീക്കമുണ്ടായി. ''പോര്‍ട്ടിന്റെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതി, ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം'' എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടിനുമുന്നില്‍ അദാനിയുടെ ഉദ്ദേശങ്ങളൊന്നും നടന്നില്ല. പുതിയ മുഖ്യമന്ത്രി ചാര്‍ജ്ജെടുത്ത ഉടനെ ആ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനചലനം ഉണ്ടായിരിക്കുന്നു!

മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്. ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ എന്തിനാണ് മംഗലാപുരം യാത്ര നടത്തിയത്? ആ ഫ്ളൈറ്റിന്റെ വാടകയിനത്തില്‍ ലക്ഷക്കണക്കിന് രൂപ ആര് വഹിച്ചു? ഭരണമാറ്റം ഉണ്ടായ ഉടനെ തന്നെ തന്ത്രപ്രധാനമായ ഒരു പ്രോജക്ടിന്റെ മേധാവി ഡോ: ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റി പകരം ഒട്ടും അനുഭവ പരിജ്ഞാനമില്ലാത്ത ഒരുദ്യോഗസ്ഥനെ നിയമിക്കാനുള്ള കാരണമെന്താണ്? മുഖ്യമന്ത്രിയുടെ വാക്കാല്‍ അനുമതിയില്ലാതെ കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഓഹരി വില്പനക്കുള്ള കരാര്‍ ഉണ്ടാക്കാനും തുടര്‍നടപടി സ്വീകരിക്കാനും അദാനി ധൈര്യപ്പെടില്ല എന്നുതന്നെയാണ് കേരള സമൂഹം വിശ്വസിക്കുന്നത്. പലതവണ ചോദ്യങ്ങളുയര്‍ന്നെങ്കിലും ഒന്നിനും മുഖ്യമന്ത്രി കൃത്യമായി പ്രതികരിക്കുന്നില്ല.

വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സര്‍ക്കാര്‍ 5400 കോടി രൂപ ചെലവഴിച്ചപ്പോള്‍ അദാനി ചെലവഴിച്ചത് 2400 കോടി രൂപ മാത്രമാണ്. 2400 കോടി രൂപ ചെലവഴിച്ച അദാനിക്ക് അവരുടെ 49% ഓഹരി കൈമാറ്റം ചെയ്യുന്നതിലൂടെ 13,000 കോടിയിലേറെ രൂപയാണ് ലഭിക്കാന്‍ പോകുന്നത്. ഈ ഇടപാടില്‍ എത്ര കോടികളുടെ കൈമാറ്റം നടന്നു എന്നത് ഇതില്‍ നിന്നുതന്നെ ഊഹിക്കാന്‍ കഴിയും.

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം. എംഎസ്സി എന്ന ഷിപ്പിങ് കമ്പനി ഭീമന്‍ തുറമുഖ ഓഹരി കൈയ്യടക്കുന്നതിലൂടെ വിഴിഞ്ഞം പോര്‍ട്ട് എംഎസ്സിയുടെ കൈയിലാകും. മറ്റ് ഷിപ്പിംഗ് കമ്പനികള്‍ക്ക് ഇവിടെ പ്രവേശിക്കാന്‍ എംഎസ്സി അനുമതി നല്‍കണമെന്നില്ല. അദാനിയുടെ മുന്ത്രാ പോര്‍ട്ടിലും എംഎസ്സിക്ക് ഓഹരിയുണ്ട്. സര്‍ക്കാരുമായി പങ്കാളിത്തമില്ലാത്ത മുന്ത്രാ പോര്‍ട്ടിലേക്ക് വിഴിഞ്ഞം പോര്‍ട്ടിലെ വരുമാനം മാറ്റുന്നതിനും ഇതു വഴിവെക്കും. പോര്‍ട്ട് വികസനത്തിനായി ഇടപെടുന്ന പൊതുമേഖലാ കമ്പനികളുടെയും വഴിയടയും! മാത്രമല്ല പോര്‍ട്ട് അനുബന്ധവികസനങ്ങളെയും ഇത് ഗുരുതരമായി ബാധിക്കാന്‍ പോവുകയാണ്.

ഓഹരിക്കൈമാറ്റം എംപവേര്‍ഡ് കമ്മിറ്റി ഇടപെട്ട് പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. ചീഫ് സെക്രട്ടറിക്ക് പുറമേ മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് കമ്മറ്റിയില്‍ ഉള്ളത്. തുറമുഖ സെക്രട്ടറി എഴുതുന്ന ഫയല്‍ മുഖ്യമന്ത്രിക്കും തുടര്‍ന്ന് ധനമന്ത്രിക്കും വീണ്ടും പരിശോധനയ്ക്ക് നിയമമന്ത്രിക്കും എത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി അന്തിമതീരുമാനമെടുക്കുന്നത്. 'കേരള ചരിത്രത്തിലാദ്യമായി ഈ മൂന്ന് വകുപ്പുകളും ഒരാളാണ് കൈകാര്യം ചെയ്യുന്നത് എന്നത് മറ്റൊരു 'വിസ്മയം'! ചുരുക്കത്തില്‍ വി ഡി സതീശന്റെ മനസ്സിലുള്ള പദ്ധതി എംപവേര്‍ഡ് കമ്മിറ്റിയിലൂടെ നടപ്പാക്കാനുള്ള തന്ത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇത്തരമൊരു ഓഹരി കൈമാറ്റത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ് എന്നാണ് കരാര്‍ രേഖകള്‍. ഈ ഓഹരിവില്‍പനക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സതീശന്‍ തയ്യാറാകുമോ എന്നതും പ്രസക്തമാണ്. കേരളത്തിന്റെ സ്വപ്നപദ്ധതിയെ, ഭാവികേരളത്തിന്റെ പ്രതീക്ഷയെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെച്ച യുഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ അതിശക്തമായ ജനരോഷം ഉയരുകതന്നെ ചെയ്യും.

കെ.കെ. രാഗേഷ്

 




കൂടുതല്‍വാര്‍ത്തകള്‍.