
















പീഡനത്തിനിരയായെന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത 20കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. രണ്ടു വര്‍ഷം മുന്‍പ് ബൈപാസ് സര്‍ജറി കഴിഞ്ഞ യുവാവിനാണ് പത്തനംതിട്ട കൂടല്‍ പോലീസില്‍ നിന്ന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കാനൊരുങ്ങുകയാണ് യുവാവിന്റെ കുടുംബം.
പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി തറയില്‍ മുട്ടുകുത്തി ഇരുത്തിയ ശേഷം കാല്‍വെള്ളയില്‍ ചൂരല്‍ കൊണ്ട് നിരന്തരം അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു. തുടക്കത്തില്‍ യുവാവിന്റെ സഹോദരനെയാണ് ആളുമാറി പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ വിട്ടയച്ച ശേഷമാണ് ഈ മാസം 3ന് രാത്രി ഇരുപതുകാരനെ കസ്റ്റഡിയിലെടുത്തത്. പിറ്റേദിവസം വൈകിട്ടോടെയാണ് യുവാവിനെ പോലീസ് വിട്ടയച്ചത്.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂടല്‍ പോലീസ് ആദ്യം കേസെടുത്തിരുന്നത്. സ്‌കൂളിലെ ശുചിമുറിയിലും മറ്റൊരു സഹപാഠിയായ പെണ്‍കുട്ടിയുടെ വീട്ടിലും വെച്ച് പീഡിപ്പിക്കപ്പെട്ടെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മൊഴി. 11 പേര്‍ക്കെതിരെയായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയത്.