
















ലണ്ടന്‍: ഇംഗ്ലണ്ടിലെ ബേസിംഗ്‌സ്റ്റോക്കില്‍ കലയും സംസ്‌കാരവും ഒരേ വേദിയില്‍ സമന്വയിക്കുന്ന അപൂര്‍വ സാംസ്‌കാരിക മഹോത്സവത്തിന് തിരി തെളിയുവാന്‍ ഇനി മൂന്ന് ദിനങ്ങള്‍ മാത്രം. ബേസിംഗ്‌സ്റ്റോക്ക് ആസ്ഥാനമായ വെളിച്ചം തീയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 8 വരെ ക്യൂ എം സി ഓഡിറ്റോറിയത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ബേസിംഗ്‌സ്റ്റോക്ക് കള്‍ച്ചറല്‍ ഫെസ്റ്റ്, കലാസ്‌നേഹികള്‍ക്ക് ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുടെ അപൂര്‍വ അനുഭവമൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിസ്മയകരമായ മാജിക്കല്‍ മെന്റലിസം ഷോ, പൊട്ടിച്ചിരിയുടെ മാലപടക്കം തീര്‍ക്കുന്ന മിമിക്‌സ് പരേഡ്, വൈവിധ്യമാര്‍ന്ന നൃത്താവിഷ്‌കാരങ്ങള്‍, നാദവിസ്മയം തീര്‍ക്കുന്ന മെഗാ ചെണ്ടമേളം, സാമൂഹിക-സംഗീത-ചരിത്ര നാടകമായ 'ജീന്‍വാല്‍ജീന്‍' എന്നിവ ഉള്‍പ്പെടെ കലയുടെ വിവിധ മുഖങ്ങള്‍ ഒരേ വേദിയില്‍ അണിനിരക്കുമ്പോള്‍, ബേസിംഗ്‌സ്റ്റോക്കിലെയും സമീപ പ്രദേശങ്ങളിലെയും കലാസ്വാദകര്‍ക്ക് ഏറെ നാളുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന കലാവിരുന്നായിരിക്കും.

യുകെയിലെ ചെണ്ടമേളയുടെ ആശാനായി അറിയപ്പെട്ടിരുന്ന വെളിച്ചം തീയറ്റേഴ്‌സിന്റെ മാര്‍ഗദര്‍ശിയും അഭിനേതാവുമായിരുന്ന, അകാലത്തില്‍ വേര്‍പിരിഞ്ഞ ഫിലിപ്പ്കുട്ടി അച്ചായന് ആദരവ് സമര്‍പ്പിച്ചാണ് മുഴുവന്‍ പരിപാടികളും അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കലാജീവിതവും സംഭാവനകളും അനുസ്മരിക്കുന്ന പ്രത്യേക ചടങ്ങും വേദിയില്‍ നടക്കും.
ബേസിംഗ്‌സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ സജിഷ് ടോം, യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ലോക കേരള സഭാംഗവുമായ ശ്രി.എസ്. ശ്രീകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം കൃത്യം 3 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വെളിച്ചം തീയേറ്റേഴ്‌സ് പ്രസിഡന്റും കലാകാരനുമായ ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'സൈന്യാധിപന്‍' എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനവും നടക്കും.
ഫിലിപ്പ്കുട്ടി അച്ചായന്റെ പരിശീലനത്തില്‍ രൂപംകൊണ്ട ബേസിംഗ്‌സ്റ്റോക്ക്, പോര്‍ട്‌സ്മൗത്ത്, സ്വിണ്ടന്‍ എന്നിവിടങ്ങളിലെ ശിഷ്യര്‍ അവതരിപ്പിക്കുന്ന മെഗാ ചെണ്ടമേളം, മെന്റലിസ്റ്റ് ജോയലിന്റെ വിസ്മയകരമായ മാജിക്കല്‍ മെന്റലിസം ഷോ, കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധേയനായ മലയാളികളുടെ സ്വന്തം കലാഭവന്‍ ദിലീപിന്റെ മിമിക്‌സ് പരേഡ്, ഡി3, ഡി4 ഉള്‍പ്പെടെ നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ യദു കൃഷയുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ് ഓണ്‍ ഡാന്‍സേഴ്‌സ് ട്രൂപ്പിന്റെ മനോഹരമായ നൃത്താവിഷ്‌കാരങ്ങള്‍ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടും.
സാംസ്‌കാരിക സായാഹ്നത്തിന്റെ പ്രധാന ആകര്‍ഷണമായി വെളിച്ചം തീയറ്റേഴ്‌സ് അവതരിപ്പിക്കുന്ന സാമൂഹ്യ-സംഗീത-ചരിത്ര നാടകമായ 'ജീന്‍വാല്‍ജീന്‍' അരങ്ങേറും. വിശ്വപ്രശസ്ത സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ 'ലെസ് മിസറബിള്‍സ് 'എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ നാടകത്തില്‍ നിരവധി നാടകങ്ങളിലും സംഗീത ആല്‍ബങ്ങളിലും അഭിനയിച്ചും സംവിധാനം ചെയ്തും കഴിവ് തെളിയിച്ച ഡോ.അജി പീറ്റര്‍, യുകെയില്‍ റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിമുകളിലും, നാടകങ്ങളിലും മികവാര്‍ന്ന അഭിനയം കാഴ്ച്ചവെച്ചിട്ടുള്ള സി. എ ജോസഫ്, അഭിനേതാക്കള്‍ എന്ന നിലയില്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ജോണി ജോസഫ്, സാജു സ്റ്റീഫന്‍, ജോബി തോമസ്, സജി കുന്നത്ത്, ദീപ്തി തരംഗ്, ടൈറ്റസ് പുതുശ്ശേരി, ബിനോ ഫിലിപ്പ്, ബിനീഷ് അഗസ്റ്റിന്‍, ജെസ്വിന്‍ ജോയ്, ജിതിന്‍ ജോസ്, നിദിയാ ആല്‍ബര്‍ട്ട്, ബിന്ദു ബിജു, രാജു തോമസ്, മാസ്റ്റര്‍ ആന്റന്‍ ബിനോ, ബേബി ഹരിയറ്റ് സജി, എന്നിവരാണ് വേഷമിടുന്നത്.
നാടകത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍- വിന്‍സെന്റ് പോള്‍, ക്രിയേറ്റീവ് കോര്‍ഡിനേറ്റര്‍- സി. എ. ജോസഫ്, ചമയം & മീഡിയ പ്രമോഷന്‍- ജോജി തോട്ടത്തില്‍, രംഗസജ്ജീകരണം- സജി കുന്നത്ത്, റെക്കോര്‍ഡിംഗ്-ജെസ്വിന്‍ ജോയ്, പശ്ചാത്തല സംഗീതം- ആല്‍ബി മഠത്തില്‍ എന്നിവരാണ്
യുകെയിലെ വിവിധ വേദികളില്‍ ശ്രദ്ധേയമായ അവതരണശൈലിയിലൂടെ പ്രേക്ഷകപ്രീതി നേടിയ അശ്വതി ഹരീഷും ജോംസി അരുണും പരിപാടിയുടെ അവതാരകരായിരിക്കും.
ഈ അപൂര്‍വ കലാവിരുന്നില്‍ ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
https://forms.gle/BGe2uZDDfoxUwcJv9
പരിപാടികള്‍ കൃത്യം 3 പി എം ന് ആരംഭിക്കുന്നതിനാല്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ഒരു പരിപാടിയും നഷ്ടപ്പെടാതിരിക്കാന്‍ എല്ലാവരും 3 പി എം ന് മുമ്പായി എത്തിച്ചേരണമെന്നും, സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
വേദിയുടെ വിലാസം:
QMC Auditorium, Cliddesden Road, Basingstoke, RG21 3HF
തീയതി: 2026 ജൂലൈ 12 (ഞായര്‍)
സമയം: 3.00 pm - 8.00pm.
ജോബി തോമസ്