CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 11 Seconds Ago
Breaking Now

ആവേശമായി ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026'; സംഘടനാ ശക്തിയും കുടുംബസംഗമവും ഒരേ വേദിയില്‍; 'ഉമ്മന്‍ ചാണ്ടി സ്മൃതി നഗറില്‍' ഉദ്ഘാടനം നിര്‍വഹിച്ചത് ഡോ. മറിയ ഉമ്മന്‍

ഓള്‍ഡ്ഹാം: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്‌സ് ഏരിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ഓള്‍ഡ്ഹാമിലെ 'ഉമ്മന്‍ ചാണ്ടി സ്മൃതി നഗറി'ല്‍ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. ചടങ്ങ് ഡോ. മറിയ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. 

പ്രവാസി സമൂഹത്തിന്റെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. മറിയ ഉമ്മന്‍ പറഞ്ഞു. കുടുംബബന്ധങ്ങള്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുപോലെ ഊന്നല്‍ നല്‍കുന്ന വേദിയായി 'പുതുയുഗ സംഗമം 2026' മാറിയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഐ ഓ സി (യു കെ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റോമി കുര്യാക്കോസ് സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ചു. ഓള്‍ഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജന്‍ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അജിത് വെണ്മണി, സെക്രട്ടറി ബോബിന്‍ ഫിലിപ്പ്, നിര്‍വാഹക സമിതി അംഗം ഷോബിന്‍ സാം, ഐ ഓ സി ( യു കെ) നേതാക്കന്മാരായ സാബു ജോര്‍ജ്, ജോര്‍ജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോന്‍ മത്തായി, ഷാജി വരകുടി ഉള്‍പ്പെടെ വിവിധ നേതാക്കള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ഓള്‍ഡ്ഹാം യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതിന്‍ ജയിംസ് നന്ദി രേഖപ്പെടുത്തി.

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷവും പൊതുസമ്മേളനവും ചടങ്ങിന്റെ ഭാഗമായി  സംഘടിപ്പിച്ചു. കേരള ചാപ്റ്റര്‍ മിഡ്‌ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തില്‍ വനിതാ - യൂത്ത് വിങ്ങുകളുടെ രൂപീകരണവും  പ്രഖ്യാപിച്ചു. വനിതാ - യൂത്ത് വിങ്ങുകളുടെ കോര്‍ഡിനേറ്റര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഡോ. മറിയ ഉമ്മന്‍ ചുമതലാപത്രം കൈമാറി. 

ചടങ്ങുകളോടനുബന്ധിച്ച് പുതുയുഗ കേരളം 2026' എന്ന് അലേഖനം ചെയ്ത കേക്ക് വേദിയില്‍ മുറിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത സാംസ്‌കാരിക പരിപാടികള്‍ സംഗമത്തിന് കൂടുതല്‍ നിറം പകര്‍ന്നു. വിദ്യാര്‍ത്ഥിനികളായ മേഘ സുരേഷ്, ആന്‍സ് മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ നൃത്തോപഹാരവും ഐ ഓ സി ഭാരവാഹികളായ ബെന്നി ജോസഫ്, നികിത മറിയം കോശി എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗാനോപഹാരവും ഡി ജെയും വേദിയെ വര്‍ണ്ണാഭമാക്കി.

വിവിധ മേഖലകളില്‍ മാതൃകാപരമായ സേവനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍, ഐ ഓ സി യൂണിറ്റുകള്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ക്കുള്ള ഐ ഒ സി കര്‍മ്മശ്രേഷ്ഠ, സംഘടനാശ്രേഷ്ഠ, സേവാശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ ഡോ. മറിയ ഉമ്മന്‍ വിതരണം ചെയ്തു. 

അതിജീവിതത്തിന്റെയും മനക്കരുത്തിന്റെയും സേവനത്തിന്റെയും മാതൃകയായ ഓള്‍ഡ്ഹാം എന്‍ എച് എസിലെ നേഴ്‌സ് ആശ ചെറിയാന്‍, സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നുമുള്ള ചാരിറ്റി - സാമൂഹിക പ്രവര്‍ത്തകന്‍ സുനില്‍ കെ ബേബി, കുട്ടികള്‍ക്ക് സൗജന്യ ഗണിതശാസ്ത്ര ഡൌട്ട് ക്ലിയറിങ് സെഷനുകള്‍ നടത്തുന്ന എഡിന്‍ബറോയിലെ ഡയാന പോളി എന്നിവര്‍ കര്‍മ്മശ്രേഷ്ട്ര പുരസ്‌കാരത്തിനും പറവൂരിലെ ഭവനരഹിത കുടുംബത്തിന് അടച്ചുറപ്പുള്ള ഭവനം നിര്‍മിച്ചു നല്‍കുകയും കുട്ടികള്‍ക്ക് 'മധുരം മലയാളം' പ്രൊജക്റ്റ് വിജയകരമായി പൂര്‍ത്തീകരിച്ച പീറ്റര്‍ബോറോ യൂണിറ്റ്, ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്ന് തെരുവ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'നും നേതൃത്വം നല്‍കുന്ന ബോള്‍ട്ടന്‍ യൂണിറ്റ്, വിവിധ സാമൂഹിക - ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്‌കോട്ട്‌ലാന്‍ഡ് യൂണിറ്റ്, കേരള ചാപ്റ്ററിന്റെ രക്തദാന വിങ്ങിന് നേതൃത്വം നല്‍കുന്ന ബാണ്‍സ്ലി യൂണിറ്റ് തുടങ്ങിയ യൂണിറ്റുകള്‍ സംഘടനാശ്രേഷ്ട്ര പുരസ്‌കാരത്തിനും അര്‍ഹമായി. ഐ ഓ സി (യു കെ) - ലെസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റ് ജഗന്‍ പടച്ചിറയുടെ പുത്രിയും എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ നേഹാല്‍ ജഗന്‍ ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കി വരച്ച ചിത്രം വേദിയില്‍ അനാഛാദനം ചെയ്തു.

ഐ ഓ സി (യു കെ)യുടെ മുതിര്‍ന്ന നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായ പുഷ്പരാജന്‍, ഷാജി വരകുടി, ഷാജി ഐപ്പ് കുര്യന്‍, ബെന്നി ജോസഫ്, സാബു ജോര്‍ജ്, ജോര്‍ജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോന്‍ മത്തായി, ജോഷി വര്‍ഗീസ്, ഐ ഓ സി (യു കെ) - ബാണ്‍സ്ലി യൂണിറ്റിന്റെ രക്തദാന വോളന്റിയര്‍മാരായ ബിബിന്‍രാജ് കുരീക്കന്‍പാറ, രാജുല്‍ രമണന്‍, വിനീത്, സംഘാടക സമിതിയെ പ്രതിനിധീകരിച്ച് ജിതിന്‍ ജയിംസ്, രഞ്ജിത്, യൂണിറ്റ് പ്രസിഡന്റുമാര്‍, പുതിയതായി ചുമതലയേറ്റ വനിതാ - യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരെയും ഡോ. മറിയ ഉമ്മന്‍ വേദിയില്‍ ആദരിച്ചു.

മിഡ്ലാന്‍ഡ്‌സ് മേഖലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, വനിതാ-യുവജന പ്രതിനിധികള്‍, കുടുംബാംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രവാസി മലയാളികളുടെ ഐക്യവും സംഘടനാ കരുത്തും വിളിച്ചോതിയ ശ്രദ്ധേയമായ കുടുംബസംഗമമായാണ് 'പുതുയുഗ സംഗമം 2026' സമാപിച്ചത്. കുടുംബ സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമുള്ള സ്‌നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.