
















കീര്‍ സ്റ്റാര്‍മര്‍ സ്ഥാനമൊഴിയുന്ന വേക്കന്‍സിയില്‍ പ്രധാനമന്ത്രിയാകുന്ന ആന്‍ഡി ബേണ്‍ഹാമും കടുത്ത ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ക്ക് പച്ചക്കൊടി വീശുമെന്ന് സൂചന. ഡസന്‍ കണക്കിന് ലേബര്‍ എംപിമാര്‍ നിയുക്ത നേതാവിനോട് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വെള്ളംചേര്‍ക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബേണ്‍ഹാം പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
കുടിയേറ്റം ഒരു പ്രധാന വിഷയമായി കണക്കാക്കി ഹോം സെക്രട്ടറിയുടെ കടുത്ത നിലപാടിന് അനുകൂലമായി നിലകൊള്ളാനാണ് പുതിയ പ്രധാനമന്ത്രിക്ക് ഉപദേശം ലഭിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ പെര്‍മനന്റ് സെറ്റില്‍മെറ്റിന് കുടിയേറ്റക്കാര്‍ ഇരട്ടി സമയം കാത്തിരിക്കണമെന്ന ഷബാന മഹ്മൂദിന്റെ പദ്ധതി ഉപേക്ഷിക്കാന്‍ ബേണ്‍ഹാം സമ്മര്‍ദം നേരിടുന്നുണ്ട്.
ഈ നയത്തില്‍ മാറ്റം ആവശ്യപ്പെട്ട് 80 ലേബര്‍ എംപിമാര്‍ ബേണ്‍ഹാമിന് കത്തയച്ചിട്ടുണ്ട്. ഇമിഗ്രേഷന്‍ ബില്ലില്‍ തിങ്കളാഴ്ച വോട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ വിമതര്‍ ഇതിനെതിരെ വോട്ട് ചെയ്ത് നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്. വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ച് കീര്‍ സ്റ്റാര്‍മര്‍ പിന്‍വാങ്ങിയത് പോലെ ബേണ്‍ഹാമിന് തുടക്കത്തിലേ തിരിച്ചടി കിട്ടുമോയെന്നാണ് ഉറ്റുനോക്കുന്നത്.
എന്നാല്‍ ഇതില്‍ ഭയപ്പെട്ട് പിന്‍മാറാന്‍ ആന്‍ഡിയെ കിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തം വെളിപ്പെടുത്തിയിരിക്കുന്നത്. ഇമിഗ്രേഷന്‍ നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തിന് വ്യക്തമായി അറിയാം. പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടിയും, പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിഭാഗവും ഷബാനയ്ക്കും, ആന്‍ഡിക്കും പിന്നിലുണ്ട്, അദ്ദേഹം വ്യക്തമാക്കി.