
















കൊവിഡ്-19 മൂലം ബാധിക്കപ്പെട്ട ബിസിനസ്സുകള്‍ക്കായി അനുവദിച്ച ലോണ്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജയ്ക്ക് ജയില്‍ശിക്ഷ. ഗവണ്‍മെന്റ് സ്‌കീം ഉപയോഗിച്ച് 216,000 പൗണ്ട് ലോണ്‍ തട്ടിയെടുത്ത കേസിലാണ് ഇന്ത്യന്‍ വംശജ രുപാലി വാഗിന് രണ്ട് വര്‍ഷത്തിലേറെ ജയില്‍ശിക്ഷ വിധിച്ചിരിക്കുന്നത്.
തന്റെ കമ്പനിയുടെ ടേണോവര്‍ പെരുപ്പിച്ച് കാണിച്ച് ലോണ്‍ സംഘടിപ്പിച്ച രുപാലി പണം തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കും, നിക്ഷേപങ്ങള്‍ക്കുമായി വഴിമാറ്റി ചെലവഴിക്കുകയായിരുന്നു. തട്ടിപ്പ് തെളിഞ്ഞതോടെ രണ്ട് വര്‍ഷവും, മൂന്ന് മാസവും ജയില്‍ശിക്ഷയാണ് വെയില്‍സിലെ മെര്‍തിര്‍ ടിഡ്ഫില്‍ ക്രൗണ്‍ കോടതി വിധിച്ചത്.
മഹാമാരി കാലത്ത് ബിസിനസ്സുകളെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ച യുകെയുടെ ബൗണ്‍സ് ബാക്ക് ലോണ്‍ സ്‌കീമാണ് രുപാലി ദുരുപയോഗം ചെയ്തത്. 2020 മേയ് മുതല്‍ സെപ്റ്റംബര്‍ വരെ വ്യാജ ടേണോവര്‍ കണക്കുകള്‍ സമര്‍പ്പിച്ച് ഏകദേശം 2 കോടി 80 ലക്ഷം രൂപയാണ് ഇവര്‍ കൈക്കലാക്കിയത്.
ഈ തുക ബിസിനസ്സിനെ പിന്തുണയ്ക്കാന്‍ ഉപയോഗിക്കാതെ വലിയ തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി കടങ്ങള്‍ തീര്‍ക്കുകയും, സ്റ്റോക്കിലും, ഷെയറിലും നിക്ഷേപിക്കുകയുമായിരുന്നു. കൂടാതെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 25,000 പൗണ്ടോളം അയച്ചതായി ഇന്‍സോള്‍വന്‍സി സര്‍വ്വീസ് കണ്ടെത്തി.
സംഭവം പിടിക്കപ്പെട്ടപ്പോള്‍ തന്റെ പേരില്‍ മറ്റാരോ ആണ് ലോണുകള്‍ എടുത്തതെന്നാണ് രുപാലി വാഗ് ആദ്യം അവകാശപ്പെട്ടത്. പിന്നീട് താന്‍ തന്നെയാണ് ലോണ്‍ എടുത്തതെന്നും, പണം കടങ്ങളും, ലോണുകളും തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും സമ്മതിക്കുകയായിരുന്നു. എന്നാല്‍ മഹാമാരി കാലത്ത് സഹായത്തിനായി നല്‍കിയ സ്‌കീമാണ് ഇവര്‍ ദുരുപയോഗം ചെയ്തതെന്ന് ഇന്‍സോള്‍വന്‍സി സര്‍വ്വീസ് വ്യക്തമാക്കി.