CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 20 Seconds Ago
Breaking Now

ധൈര്യം ചോര്‍ന്ന് ഇംഗ്ലണ്ട്; ലോകകപ്പ് ഫൈനലിലേക്ക് അടിച്ചുകയറി അര്‍ജന്റീന; തിരിച്ചടിക്കാന്‍ സമയം നല്‍കാതെ 92-ാം മിനിറ്റില്‍ മാര്‍ട്ടിനെസിന്റെ ഗോള്‍; പിന്നില്‍ നിന്നും കയറിവന്ന് വിജയിച്ചപ്പോള്‍ 'ബ്യൂട്ടിഫുളായി' മെസി മാജിക്!

ഈ മത്സരഫലത്തില്‍ ഇംഗ്ലണ്ടിന് മറ്റാരെയും പഴിക്കാന്‍ കഴിയില്ല

ഒരു ഗോളടിച്ചാല്‍ പണി കഴിഞ്ഞെന്ന് കരുതിയ ഇംഗ്ലണ്ടിന് തെറ്റി. ചാമ്പ്യന്‍മാരോട് പോരാടുമ്പോള്‍ ഉള്ളില്‍ കെടാത്ത കനല്‍ സൂക്ഷിച്ച് അവസാന വിസില്‍ വരെ പോരാട്ടം തുടരണമെന്ന പാഠം ഇംഗ്ലണ്ട് മറന്നു. ഇപ്പോള്‍ ചിരവൈരികളായ അര്‍ജന്റീനയോട് ഒരു വട്ടം കൂടി തോറ്റ് ലോകകപ്പ് മോഹം ബാഗിലാക്കി വെച്ച് മടങ്ങേണ്ട അവസ്ഥയിലാണ് ഇംഗ്ലണ്ട്. 

ലയണല്‍ മെസിയെ ഒരുപരിധി വരെ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ വിജയിച്ചതോടെ ഒരു ഗോളിന്റെ ബലത്തില്‍ ലോകകപ്പ് ഫൈനലില്‍ എത്തിക്കളയാമെന്ന് ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ മോഹിച്ചു. എന്നാല്‍ മറുവശത്ത് ചാമ്പ്യന്‍മാര്‍ തിരിച്ചുവരാന്‍ ഒരു വഴി നോക്കി പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ 85-ാം മിനിറ്റിലും, 92-ാം മിനിറ്റിലും ഗോള്‍വല ചലിപ്പിച്ച് ഇംഗ്ലണ്ടിന്റെ ഹൃദയം തകര്‍ത്ത് അര്‍ജന്റീനിയന്‍ പട തങ്ങളുടെ ഏഴാം ഫൈനലില്‍ ഇടംനേടി. 

ഗോളടിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും പിന്‍വാങ്ങിയ മെസി ടീമംഗങ്ങള്‍ക്ക് പന്തെത്തിക്കുന്നതിലാണ് ശ്രദ്ധിച്ചത്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് അര്‍ജന്റീനയുടെ സപ്പോര്‍ട്ടിംഗ് താരങ്ങള്‍ വരിയിട്ട പോലെ അണിനിരന്നു. ഇതോടെ പിന്നില്‍ നിന്നും അടിച്ചുകയറി 2-1ന് മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 

ഒരു മണിക്കൂറോളം ഇംഗ്ലണ്ട് കളിയില്‍ മേധാവിത്വം പുലര്‍ത്തി. അര്‍ജന്റീനയ്ക്കും, മെസിക്കും അവര്‍ അവസരം നിഷേധിച്ചു. ഒരു ഘട്ടത്തില്‍ ഇനിയൊരു തിരിച്ചുവരവില്ലെന്ന് തോന്നിച്ചു. പക്ഷെ ആഞ്ഞടിക്കുന്നതിന് പകരം മാളത്തിലേക്ക് വലിഞ്ഞതോടെ അര്‍ജന്റീന അവസരം തിരിച്ചറിഞ്ഞു. മെസിയുടെ നേതൃത്വത്തില്‍ ഒളിഞ്ഞും, തെളിഞ്ഞും അക്രമം. തങ്ങള്‍ക്ക് മുന്നില്‍ ഗോളിലേക്ക് വഴിതുറക്കുമെന്ന് ഉറപ്പിച്ച നീക്കങ്ങള്‍. 

85-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടി. സമനില പിടിച്ചതോടെ തിരകളായി ആഞ്ഞടിച്ച അര്‍ജന്റീന ഒടുവില്‍ 92-ാം മിനിറ്റില്‍ ലൗടാരോ മാര്‍ട്ടിനെസിന്റെ ഗോളിലൂടെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. ഈ മത്സരഫലത്തില്‍ ഇംഗ്ലണ്ടിന് മറ്റാരെയും പഴിക്കാന്‍ കഴിയില്ല. ആദ്യ ഘട്ടത്തില്‍ വിജയിച്ച തന്ത്രം മാറ്റിയ ബുദ്ധിയും, വലിഞ്ഞുകളിച്ച സ്വന്തം കളിക്കാരെയും മാത്രമാണ് അവര്‍ക്ക് കുറ്റപ്പെടുത്താനുള്ളൂ. 




കൂടുതല്‍വാര്‍ത്തകള്‍.