
















കാര്‍ഡിഫ് സീറോ-മലബാര്‍ വിശ്വാസിസമൂഹത്തിന്റെ ചരിത്രത്തില്‍ ജൂലൈ 19 സുവര്‍ണലിപികളില്‍ രേഖപ്പെടുത്തപ്പെടുന്ന ദിനമായി മാറി. സീറോ-മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇന്നലെ കാര്‍ഡിഫില്‍ നടന്ന അതിവിശിഷ്ടമായ തിരുന്നാള്‍ തിരുക്കര്‍മ്മത്തില്‍ കാര്‍ഡിഫ് സീറോ-മലബാര്‍ മിഷന്‍ ഔദ്യോഗികമായി ഇടവകയായി പ്രഖ്യാപിച്ചു. സെന്റ് തോമസ് മിഷന്‍ കാര്‍ഡിഫ് ഇന്ന് മുതല്‍ 'മാര്‍ തോമ സ്ലീവാ പാരീഷ് കാര്‍ഡിഫ്' എന്നറിയപ്പെടും. ഈ പ്രഖ്യാപനം കാര്‍ഡിഫിലെ സീറോ-മലബാര്‍ സമൂഹത്തിന്റെ വിശ്വാസയാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. കാര്‍ഡിഫ് - മിനീവിയ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ബിഷപ്പ് മാര്‍ക്ക് ഒറ്റൂള്‍ തിരുകര്‍മ്മങ്ങളില്‍ സന്നിഹിതനായിരുന്നു. തിങ്ങി നിറഞ്ഞ ദേവാലയത്തില്‍ വിശ്വാസികള്‍ വളരെ പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങുകളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു.
ചെറിയ പ്രാര്‍ത്ഥനാ കൂട്ടായ്മയായി ആരംഭിച്ച് മാസ് സെന്ററായും പിന്നീട് സുസംഘടിതമായ വിശ്വാസിസമൂഹമായും വളര്‍ന്ന കാര്‍ഡിഫ് സമൂഹം ഇന്ന് ഇടവക പദവിയിലേക്ക് ഉയര്‍ന്നത് വര്‍ഷങ്ങളായുള്ള വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
ഇടവക പ്രഖ്യാപനവേളയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ദൈവത്തിന് നന്ദി അര്‍പ്പിക്കുകയും, ഈ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ വൈദികരെയും സന്യസ്തരെയും അല്‍മായ വിശ്വാസികളെയും അഭിനന്ദിക്കുകയും ചെയ്തു. വിശ്വാസം, ഐക്യം, സുവിശേഷപ്രഘോഷണം, കുടുംബമൂല്യങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശക്തിപ്പെട്ട് സമൂഹത്തിന് മാതൃകയാകുന്ന ഇടവകയായി വളരുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുകയും, മിഷന്‍ ഡയറക്ടര്‍ ആയിരുന്ന ഫാ. പ്രജില്‍ പണ്ടാരപ്പറമ്പിലിനെ ഇടവകയുടെ ആദ്യ വികാരിയായി നിയമിക്കുകയും ചെയ്തു.
കാര്‍ഡിഫിലെ സീറോ-മലബാര്‍ വിശ്വാസികള്‍ അതിയായ സന്തോഷത്തോടും നന്ദിയോടും കൂടിയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഇടവക പദവി ലഭിച്ചതോടെ ആത്മീയ ശുശ്രൂഷകള്‍ കൂടുതല്‍ ശക്തിപ്പെടുകയും, പുതിയ തലമുറയുടെ വിശ്വാസപരിശീലനത്തിനും സഭാപ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കപ്പെടുകയും ചെയ്യും.
മുഖ്യ തിരുന്നാള്‍ ദിവസമായ ഇന്നലെ രാവിലെ 8.45 കഴുന്നു വിതരണത്തോടെ തുടങ്ങിയ തിരുന്നാള്‍ കര്‍മ്മങ്ങള്‍ പിന്നീട് ഇടവകജനങ്ങള്‍ പിതാക്കന്മാരെ സ്വീകരിക്കുകയും, കാനന്‍ നിയമപ്രകാരം മിഷന്‍ ഡയറക്ടര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ എപ്പാര്‍ക്കി അധ്യക്ഷനെ സ്വീകരിക്കുകയും, ഡിക്രി പ്രഖ്യാപനം, തിരികത്തിക്കല്‍, ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, ലദീഞ്ഞും പ്രദക്ഷണവും അവസാനം സ്നേഹവിരുന്നോടെ പര്യവസാനിച്ചു. ഇടവക ട്രസ്റ്റിമാരായ സിബിച്ചന്‍ ജോസഫും, സില്‍വി സജിയും മറ്റ് കമ്മറ്റിക്കാരും അടങ്ങിയ തിരുന്നാള്‍ കമ്മറ്റി ഇന്നലെ നടന്ന ഇടവക പ്രഖ്യാപന ദിവസത്തെ ചടങ്ങുകള്‍ ക്രമീകരിക്കുന്നതിന് നേതൃത്വം നല്‍കി.
കാര്‍ഡിഫ് സീറോ-മലബാര്‍ ഇടവകയുടെ ഈ ചരിത്രനേട്ടം ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാര്‍ സഭയുടെ വളര്‍ച്ചയിലും വിശ്വാസവ്യാപനത്തിലും മറ്റൊരു മഹത്തായ അധ്യായമായി മാറുന്നു. ''കര്‍ത്താവ് ഈ ആലയം അനുഗ്രഹിക്കുകയും, ഈ ഇടവകയിലൂടെ അനേകരെ വിശ്വാസത്തിലും സ്‌നേഹത്തിലും നയിക്കുകയും ചെയ്യട്ടെ.''
കാര്‍ഡിഫ് സീറോ-മലബാര്‍ ഇടവകയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ദൈവാനുഗ്രഹത്താലും പരിശുദ്ധാത്മാവിന്റെ നേതൃത്വത്താലും ഈ പുതിയ ഇടവക വിശ്വാസത്തിലും സാക്ഷ്യത്തിലും സേവനത്തിലും സമൃദ്ധമായി വളരട്ടെയെന്ന് ന്യൂസ് ടീം ആശംസിക്കുന്നു.
ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ്