
















വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ ഇംഗ്‌ളണ്ടിലെ നസ്രത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥാടനം ഭക്തിസാന്ദ്രവും, മരിയഭക്തി പ്രഘോഷണവുമായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട വാത്സിങ്ഹാം തീര്‍ത്ഥാടനത്തിന്റെ പത്താം വാര്‍ഷികത്തില്‍, പുണ്യ സന്നിധിയില്‍ ഒഴുകിയെത്തിയ ആയിരങ്ങളായ മാതൃഭക്തര്‍ തീര്‍ത്ത ജനസാഗരം, മനം നിറയെ മാതൃസ്‌നേഹം പുല്‍കിയാണ് തിരിച്ചു പോയത്. പ്രതികൂല കാലാവസ്ഥയെ പ്രാര്‍ത്ഥനയിലും മാതൃ സംരക്ഷണത്തിലും പ്രസന്നമാക്കിയ അത്ഭുത അടയാളങ്ങള്‍ക്കും വാത്സിങ്ഹാം സാക്ഷിയായി.

തീര്‍ത്ഥാടന തിരുക്കര്‍മ്മള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ സപ്രാ പ്രാര്‍ത്ഥനയോടെ ആരംഭമായി. തുടര്‍ന്ന് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചു നടത്തിയ ആരാധനയിലും അഭിവന്ദ്യ പിതാവ് നേതൃത്വം നല്‍കി. ആരാധനക്ക് ശേഷം രൂപതയുടെ പ്രോട്ടോ സെഞ്ചുലോസ്, റവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് നല്‍കിയ മരിയന്‍ സന്ദേശം മാതൃഭക്തി പ്രഘോഷണവും വിശ്വാസദീപ്തവുമായി. തിരുന്നാള്‍ കൊടിയേറ്റത്തിനു ശേഷം പ്രസുദേന്തിവാഴ്ച നടന്നു.

രൂപതയുടെ നാനാ ഭാഗത്തു നിന്നും ഒഴുകിയെത്തിയ വന്‍ ജനാവലി തങ്ങളുടെ മിഷന്‍ ബാനറുകളുടെ പിന്നില്‍ അണിനിരന്ന്, മുത്തുക്കുടകളുടെയും, കൊടിതോരണങ്ങളുടെയും, അകമ്പടിയോടെ വിശുദ്ധരുടെ രൂപങ്ങളുമേന്തി ഭക്ത്യാദരപൂര്‍വ്വം തിരുന്നാള്‍ പ്രദക്ഷിണം നടത്തി. ജപമാല സമര്‍പ്പിച്ചും, മാതൃവണക്ക ഗാനങ്ങള്‍ ആലപിച്ചും, ആവേ മരിയാ ഗീതങ്ങള്‍ മീട്ടിയും, പ്രാര്‍ത്ഥനാനിറവില്‍ നടത്തിയ പ്രദക്ഷിണം അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസ പാരമ്പര്യങ്ങളുടെ ആഴങ്ങള്‍ വിളിച്ചോതുന്നതായിരുന്നു. പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തില്‍ തിരിച്ചെത്തിയപ്പോഴും രണ്ടു മൈലോളം നീളത്തില്‍ ഒരുക്കിയ പ്രദക്ഷിണ പാതയില്‍ പിന്‍ഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര തീര്‍ത്ഥാടകരാണ് അനുഗ്രഹങ്ങളുടെ പറുദീസയില്‍ ഈ വര്‍ഷം എത്തിച്ചേര്‍ന്നത്. പ്രദക്ഷിണത്തിന്റെ ഏറ്റവും പിന്നിലായി വാത്സിങ്ങ്ഹാം മാതാവിന്റെ തിരുസ്വരൂപവുമേന്തി ആതിഥേയരായ കേംബ്രിഡ്ജ് റീജന്‍ സീറോമലബാര്‍ സംഘവും, അതിന്റെ പിന്നില്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുകൊണ്ട് അഭിവന്ദ്യ പിതാവും വൈദികരും പങ്കുചേര്‍ന്നു.

വാത്സിങ്ങാമിലെ കത്തോലിക്കാ നാഷണല്‍ തീര്‍ത്ഥാടന ബസിലിക്കയുടെ റെക്ടര്‍ മോണ്‍സിഞ്ഞോര്‍ റോബര്‍ട്ട് ബില്ലിംഗ് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതമരുളി. പൗരോഹിത്യ ജൂബിലിയുടെ നിറവിലായിരുന്ന റെക്ടര്‍ മോണ്‍സിഞ്ഞോര്‍ റോബെര്‍ട്ട് ബില്ലിങ്ങിന് ബൊക്കെ നല്‍കിയും, ഷാള്‍ അണിയിച്ചും അഭിവന്ദ്യ പിതാവ് സനേഹോഷ്മളമായ ആശംസയും അനുമോദാനവും നേരുകയായിരുന്നു.
ആഷ്ഫോര്‍ഡ് വി. സൈമണ്‍ സ്റ്റോക്ക് കത്തോലിക്കാ ചര്‍ച്ച് വികാരിയും, എപ്പാര്‍ക്കി വിമന്‍സ്ഫോറം , ചര്‍ച്ച് കൊയര്‍ എന്നിവയുടെ ചെയര്‍മാനുമായ ഫാ. ജോസ് അഞ്ചനാനിയില്‍ അച്ചന്റെ ജന്മദിനത്തില്‍, ബൊക്കെ നല്‍കികൊണ്ടു സ്രാമ്പിക്കല്‍ പിതാവ് ആശംസകള്‍ നേര്‍ന്നു.
പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട് രൂപതക്കുവേണ്ടി വാത്സിങ്ങാമിലെ ബസിലിക്കയുടെ റെക്ടര്‍ അടക്കം വൈദികര്‍ക്കും വോളണ്ടിയേഴ്‌സിനും തീര്‍ത്ഥാടകര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

ഉച്ചകഴിഞ്ഞു ഒന്നേമുക്കാലോടെ ആരംഭിച്ച ആഘോഷപൂര്‍വ്വമായ പരിശുദ്ധ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സലര്‍ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാന്‍സലര്‍ ഫാ. ഫാന്‍സുവ പത്തില്‍, ഫിനാന്‍സ് ഡയറക്ടര്‍ ഫാ.ജോ മാത്യു, വാത്സിങ്ങ്ഹാം തീര്‍ത്ഥാടന കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഫാ ജിനു മുണ്ടുനടക്കല്‍ അടക്കം രൂപതയിലെ നാല്പതോളം വൈദികര്‍ സഹകാര്‍മ്മികരായി അര്‍പ്പിച്ച ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലി പുണ്യ സന്നിധേയത്തില്‍ ആത്മീയ വിരുന്നും, അനുഗ്രഹദായകവുമായി.
ആഘോഷമായ തിരുന്നാള്‍ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വാല്‍സിംഗ്ഹാം പില്‍ഗ്രിമേജ് തിരുന്നാള്‍ കമ്മിറ്റി കോര്‍ഡിനേറ്ററും , സീറോമലബാര്‍ ഇടവക വികാരിയുമായ ഫാ. ജിനു മുണ്ടുനടക്കല്‍ ഏവര്‍ക്കും ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു. സീറോമലബാര്‍ രൂപത യുടെ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ഏറ്റവും വിജയപ്രദവും, അനുഗ്രഹദായകവും, സുഗമമായും നടത്തുന്നതില്‍ നേതൃത്വം വഹിച്ച ഫാ. ജിനു മുണ്ടുനടക്കലിനെയും, കേംബ്രിഡ്ജ് റീജന്‍ സീറോമലബാര്‍ ടീമിനെയും അഭിവന്ദ്യ പിതാവ് പ്രത്യേകം പ്രശംസിക്കുകയും, നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.
ബിജു കൊച്ചുതെള്ളിയുടെ നേതൃത്വത്തില്‍ തിരുന്നാള്‍ ഗായകസംഘം നടത്തിയ ഗാനശുശ്രുഷ ആത്മീയവും സ്വര്‍ഗ്ഗീയവുമായ അനുഭൂതി പകര്‍ന്നു. പരിശുദ്ധ അമ്മയെ വണങ്ങി പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചും, നേര്‍ച്ചകാഴ്ച്ചകള്‍ സ്വീകരിച്ചും, മാതൃസ്‌നേഹം ആവോളം നുകര്‍ന്നതിനും ശേഷമാണ് വിശ്വാസികള്‍ സ്വഭവനങ്ങളിലേക്ക് മടങ്ങിയത്.
Appachan Kannanchira