
















നൈര്‍മ്മലത്തിലേക്കും, വിശുദ്ധിയിലേക്കുമുള്ള ഏക മാര്‍ഗ്ഗം തിരുവചനമാണെന്നു മാര്‍ സ്രാമ്പിക്കല്‍ പിതാവ്. പരിശുദ്ധ അമ്മ പ്രവാചകയാണെന്നും, വചനം കേള്‍ക്കുകയും, വിശ്വസിക്കുകയും, ഉള്‍ക്കൊള്ളുകയും ചെയ്തതിനാലാണ് പരിശുദ്ധ മറിയം പരിശുദ്ധാരൂപിയില്‍ പൂരിതയായതെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ സന്ദര്‍ശനവും സാന്നിദ്ധ്യവും മാതാവിനോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന ഭവനങ്ങള്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍ നിറയും എന്നും എലീശാ പുണ്യവതിയുടെ ഭവനം സന്ദര്‍ശനത്തില്‍ അടക്കം അക്കാര്യം വിശുദ്ധ ഗ്രന്‍ഥം പ്രതിപാദിക്കുന്നുണ്ടെന്നും പിതാവ് ഓര്‍മ്മിപ്പെടുത്തി. വാത്സിങ്ഹാം തീര്‍ത്ഥാടനത്തില്‍ പരിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ തിരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
മനുഷ്യ കുലത്തിന്റെ നവീകരണത്തിനും രക്ഷക്കുമായി ദൈവം സ്വപുത്രനെ അയച്ചപ്പോള്‍, സ്വന്തം ഉദരം വാസസ്ഥലമായി നല്‍കിയ പരിശുദ്ധ അമ്മ ജീവിക്കുന്ന സക്രാരിയാണ്. പരിശുദ്ധ അമ്മയെ സ്വന്തം മാതാവായി അംഗീകരിക്കാത്ത ഒരു വ്യക്തിക്കും സമാധാനവും സ്വസ്ഥതയും ലഭിക്കില്ല എന്നും, കാല്‍വരിയില്‍ കുരിശില്‍ കിടന്നുകൊണ്ട് ഇതാ നിന്റെ അമ്മയെന്ന് പറഞ്ഞുകൊണ്ട് തന്റെ രക്ഷാകര ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍ അമ്മയെന്ന ആശ്രയമാണ് ദൈവം നമ്മള്‍ക്ക് നല്‍കിയതെന്നും പിതാവ് പറഞ്ഞു.
പരിശുദ്ധ അമ്മയുടെ സംരക്ഷണത്തില്‍, ദൈവീക അനുഗ്രഹ വര്‍ഷമാണ് രൂപതയില്‍ കാണുവാന്‍ കഴിയുന്നത്. സീറോമലബാര്‍ സഭാ മക്കള്‍ക്കായി എണ്‍പതോളം വൈദികരുടെ അജപാലന സേവനം നല്‍കുവാന്‍ ഇന്ന് കഴിയുന്നുവെന്ന് പിതാവ് നന്ദി പുരസ്സരം ഓര്‍മ്മിച്ചു. വൈദീക പട്ടം സ്വീകരിച്ച് സ്വന്തമായി രണ്ടു വൈദികര്‍ രൂപതക്കുണ്ടായതിലും, സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്ത് രൂപതയില്‍ സേവനം ചെയ്യുവാന്‍ പുതുതലമുറയിലെ സിസ്റ്ററിനെ ലഭിച്ചതും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും സംരക്ഷണവുമാണെന്നും ദൈവത്തിന്റെ കരുതലുമാണെന്നും പിതാവ് നന്ദിയോടെ ഓര്‍മ്മിച്ചു.
Appachan Kannanchira