
















ലിവര്‍പൂള്‍: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ ലിവര്‍പൂള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും സംഘടിപ്പിച്ചു.
ജനകീയനും ജനപ്രീയനുമായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാമത് ഓര്‍മ ദിനത്തോടനുബന്ധിച്ചു ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തില്‍ 'നീതിമാന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഉമ്മന്‍ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമത്തിന്റെ ഭാഗമായാണ് ലീവാര്‍പൂളിലും അനുസ്മരണ ചടങ്ങുകള്‍ നടന്നത്.
ജനങ്ങളോട് എന്നും ചേര്‍ന്നുനിന്ന ജനനായകന്റെ സേവന പാരമ്പര്യവും മാനുഷിക മുഖവും അനുസ്മരിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും പ്രവര്‍ത്തകരും പങ്കെടുത്തു. ഉമ്മന്‍ ചാണ്ടിയുടെ ലളിതമായ ജീവിതശൈലിയും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കായി അദ്ദേഹം നടത്തിയ നിരന്തര ഇടപെടലുകളും പങ്കെടുത്തവര്‍ സ്മരിച്ചു.
യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ പൈനാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് റവ ഫാ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഉദ്ഘാടനം ചെയ്തു.
ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഉമ്മന്‍ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയവും സ്‌നേഹപൂര്‍വമായ ഇടപെടലുകളും കേരളത്തിന്റെ പൊതുജീവിതത്തില്‍ എന്നും സ്മരണീയമായിരിക്കുമെന്നും ജനങ്ങളുമായി നേരിട്ട് ബന്ധം പുലര്‍ത്തിയ അപൂര്‍വ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും, അദ്ദേഹത്തിന്റെ സേവന മാതൃക എക്കാലവും പ്രചോദനമായി നിലനില്‍ക്കുമെന്നും അവര്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ സമകാലികനും അടുത്ത സുഹൃത്തുമായിരുന്ന തമ്പി ജോസ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത് ചടങ്ങിന് ഏറെ വൈകാരികത നല്‍കി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടോം ജോസ് തടിയന്‍പാടും ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിത്വവും ജനങ്ങളുമായുള്ള ആത്മബന്ധവും ഓര്‍മ്മിപ്പിച്ചുകൊണ്ട് അനുസ്മരണ സന്ദേശം നല്‍കി.
വൈസ് പ്രസിഡന്റ് ജിറില്‍ ജോര്‍ജ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ റോയ് ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

ലിവര്‍പൂള്‍ യൂണിറ്റ് ഭാരവാഹികളായ പീറ്റര്‍ പൈനാടത്ത്, ജിറില്‍ ജോര്‍ജ്, ജോഷി ജോസഫ്, എലിസബത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പങ്കെടുത്തവര്‍ക്ക് സ്‌നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ സ്മരണകള്‍ എന്നും ജനഹൃദയങ്ങളില്‍ നിലനില്‍ക്കുമെന്നും അദ്ദേഹത്തിന്റെ ജനസേവന പാത പിന്തുടരാനുള്ള പ്രതിബദ്ധതയോടെയുമാണ് സ്മൃതി സംഗമം സമാപിച്ചത്.
റോമി കുര്യാക്കോസ്