CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 7 Minutes 49 Seconds Ago
Breaking Now

ഒരുമ ബ്ലാക്‌ബേണ്‍ പുള്‍ ലീഗ് വനിതാ വടംവലിയില്‍ ലിമയുടെ പെണ്‍പടക്ക് ചരിത്ര വിജയം

ലിവര്‍പൂള്‍: യുകെയിലെ മലയാളി കായികപ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ 'ഒരുമ ബ്ലാക്ക്‌ബേണ്‍ പുള്‍ ലീഗ് സീസണ്‍ 2' വടംവലി മത്സരത്തില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) വനിതാ ടീമിന് ചരിത്ര വിജയം. ജൂലൈ 11-ന് ബ്ലാക്ക്‌ബേണില്‍ വച്ചു നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കി ലിമയുടെ പെണ്‍പട കിരീടം ചൂടിയത്.

യുകെയിലെ പ്രമുഖ ടീമുകളായ ക്വീന്‍സ് ഓള്‍ഡ്ഹാം , സ്റ്റോക്ക് എലൈറ്റ് , യു.എം.എ ബ്ലാക്ക്‌ബേണ്‍ എന്നിവര്‍ക്കെതിരെ ഒരൊറ്റ കളിപോലും തോല്‍ക്കാതെ, തുടര്‍ച്ചയായ വിജയങ്ങള്‍ അനായാസം കരസ്ഥമാക്കിയാണ് ലിമ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഫൈനല്‍ പോരാട്ടത്തില്‍, ടൂര്‍ണമെന്റിന്റെ ആതിഥേയരും കരുത്തരുമായ ഒരുമ ബ്ലാക്ക്‌ബേണിനെ അടിയറവ് പറയിച്ചാണ് ലിമയുടെ പെണ്‍പുലികള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

കോച്ച് ഹരികുമാര്‍ ഗോപാലന്റെ  കീഴില്‍ കൃത്യമായ തന്ത്രങ്ങളും തികഞ്ഞ പ്രൊഫഷണല്‍ ശൈലിയും പരിശീലിച്ചാണ് ടീം കളത്തിലിറങ്ങിയത്. യുകെയിലെ കഠിനമായ ജോലിത്തിരക്കുകള്‍ക്കും വീട്ടുചുമതലകള്‍ക്കും ഇടയിലാണ് ഈ പെണ്‍കുട്ടികള്‍ പരിശീലനത്തിനായി സമയം കണ്ടെത്തിയത്. യുകെയിലെ പ്രതികൂലമായ കാലാവസ്ഥയെപ്പോലും വകവെക്കാതെ ഗ്രൗണ്ടില്‍ അവര്‍ ഒഴുക്കിയ വിയര്‍പ്പിനും കഠിനാധ്വാനത്തിനും ലഭിച്ച ഏറ്റവും മികച്ച അംഗീകാരമാണ് ഈ ചാമ്പ്യന്‍ പട്ടം.

 

യുകെയുടെ മണ്ണില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ അഭിമാനമായി കപ്പുയര്‍ത്തിയ ലിമയുടെ  വനിതാ ടീമിനെ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളി സമൂഹവും സംഘടനകളും ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു. വരും വര്‍ഷങ്ങളിലും ഈ പെണ്‍കരുത്ത് വലിയ വിജയങ്ങള്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ലിവര്‍പൂളിലെ കായികപ്രേമികള്‍.

 

മനോജ്  ജോസഫ് 

 




കൂടുതല്‍വാര്‍ത്തകള്‍.