
















ഫുട്‌ബോള്‍ ലോകകപ്പില്‍ ഫിഫയും, റഫറിമാരും അര്‍ജന്റീനയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ നീക്കിയെന്ന വിമര്‍ശനം ശക്തമാണ്. ഇതിന് ആക്കം കൂട്ടിക്കൊണ്ട് അര്‍ജന്റീനയുടെ 'പ്രൊഫഷണലിസത്തെ' വാഴ്ത്തി ഫിഫ പ്രസിഡന്റ് ജിയാനോ ഇന്‍ഫാന്റീനോ അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സ്‌പെയിന് എതിരായ ഫൈനലില്‍ തോറ്റ അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റം സംബന്ധിച്ച് ഫിഫ അന്വേഷണം നടക്കുമ്പോഴാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിന് ഇത്തരമൊരു കത്ത് അയയ്ക്കുന്നത്. ലോകകപ്പില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് അനുമോദനം അറിയിച്ച് കത്തയയ്ക്കുന്നത് സ്വാഭാവികമാണെങ്കിലും അര്‍ജന്റീനയ്ക്ക് അയച്ച കത്തിലെ ഉള്ളടക്കമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
അര്‍ജന്റീന എഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയയ്ക്ക് അയച്ച കത്ത് അര്‍ജന്റീനയിലെ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. 2026 ഫിഫ ലോകകപ്പിന് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരങ്ങള്‍ക്കും, കോച്ചിനും അഭിനന്ദനങ്ങള്‍ അറിയിച്ച ഫിഫ പ്രസിഡന്റ് ടീമിന്റെ പ്രൊഫഷണലിസത്തെ വാഴ്ത്തുകയും ചെയ്യുന്നു.
എന്നാല്‍ എക്‌സ്ട്രാ ടൈമില്‍ ഫൈനല്‍ തോറ്റതോടെ അര്‍ജന്റീന താരങ്ങള്‍ ഫുട്‌ബോള്‍ മറന്നു. സ്‌പെയിന്‍ കപ്പുയര്‍ത്തുമ്പോള്‍ തിരിഞ്ഞുനിന്ന് പ്രൊഫഷണലിസം മറന്ന ടീം കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. കൂടാതെ ഇംഗ്ലണ്ടിനെ സെമിയില്‍ തോല്‍പ്പിച്ച ശേഷം ഫാക്ക്‌ലാന്‍ഡ്‌സ് ദ്വീപ് തങ്ങളുടേതാണെന്ന രാഷ്ട്രീയ ബാനര്‍ ഉയര്‍ത്തിയതിന്റെ പേരിലും ഫിഫ അര്‍ജന്റീനയ്ക്ക് എതിരെ അന്വേഷണം നടത്തുമ്പോഴാണ് പ്രസിഡന്റിന്റെ അനുമോദനം.