
















ഇംഗ്ലണ്ടില്‍ വാടക നിയന്ത്രണം നടപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം ആലോചിക്കുന്നില്ലെന്ന് ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍. മേയ് മുതല്‍ നിലവില്‍ വന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വാടക വിപണിയില്‍ കാര്യമായ മാറ്റം സൃഷ്ടിക്കുന്നതായി എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭയില്‍ തിരിച്ചെത്തിയ റെയ്‌നര്‍ പറഞ്ഞു.
യുകെയിലെ ചില പ്രദേശങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയ വാടക നിയന്ത്രണങ്ങള്‍ നിരക്ക് കുറയ്ക്കാന്‍ സഹായകമായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. 2023-ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായി ഇരിക്കവെ പ്രൈവറ്റ് മേഖലയിലെ വാടക മരവിപ്പിച്ച് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ആളാണ് പ്രധാനമന്ത്രി ബേണ്‍ഹാം.
'വാടക മരവിപ്പിക്കുന്നതും, നിയന്ത്രിക്കുന്നതും നിലവില്‍ മുന്നോട്ടുള്ള പാതയല്ല. മൂന്ന് വര്‍ഷം മുന്‍പ് ആന്‍ഡി ഇത് ആവശ്യപ്പെടുമ്പോള്‍ റെന്റല്‍ വിപണി പ്രതിസന്ധി നേരിടുകയായിരുന്നു. ഇതിന് ശേഷം ഞങ്ങള്‍ വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശവും, നിയന്ത്രണവും നല്‍കുന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് നടപ്പിലാക്കി', റെയ്‌നര്‍ പറഞ്ഞു.
സ്‌കോട്ട്‌ലണ്ടില്‍ 2022 ഒക്ടോബറില്‍ ഏര്‍പ്പെടുത്തിയ വാടക നിയന്ത്രണം കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. അതേസമയം സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങളില്‍ വാടക വര്‍ദ്ധന 6 ശതമാനമാക്കി ക്യാപ്പ് ഏര്‍പ്പെടുത്താന്‍ കൗണ്‍സിലുകള്‍ക്ക് അവകാശം നല്‍കിയിട്ടുണ്ട്.