
















മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കര്‍ണാടകത്തില്‍ വനിതാ മന്ത്രിമാര്‍ ഇല്ലാത്തതിനെ ചൊല്ലി രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സോഷ്യല്‍ മീഡിയ. വനിതകള്‍ക്ക് വേണ്ടി വാദിക്കുന്നയാള്‍ പറഞ്ഞതെല്ലാം വിഴുങ്ങിയോ എന്നാണ് ചോദ്യം. 21 മന്ത്രിമാരുള്ള കേരളത്തില്‍ രണ്ട് വനിതകള്‍ മന്ത്രിയായിരിക്കെ, 34 അംഗങ്ങളുള്ള കര്‍ണാടക മന്ത്രിസഭയില്‍ നിലവില്‍ ഒരു വനിത പോലുമില്ല.
ബിജെപി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തി. സ്ത്രീശാക്തീകരണത്തിന്റെ വക്താവെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധിയുടെ കര്‍ണാടക മോഡല്‍ ഇതാണോയെന്നും വനിതകള്‍ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം മതിയോയെന്നും അധികാരത്തിന്റെ പങ്കാളിത്തത്തിലും സ്ത്രീകള്‍ക്ക് തുല്യ ഇടം ഉറപ്പാക്കേണ്ടതില്ലേയെന്നും പ്രതിപക്ഷം ചോദിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിലും തെലങ്കാനയിലും മന്ത്രിസഭയില്‍ വനിതാ പങ്കാളിത്തമുണ്ട്. എന്നാല്‍ കര്‍ണാടകത്തിലും ഹിമാചലിലും വനിതാ പ്രാതിനിധ്യമില്ല. കേരളത്തില്‍ ആകെ 21ഉം തെലങ്കാനയില്‍ 16ഉം മന്ത്രിമാരാണ് കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. ഹിമാചലില്‍ 11 മന്ത്രിമാരുമുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ 34 മന്ത്രിമാര്‍ക്ക് ഇടമുണ്ടായിട്ടും ഒരു വനിതയ്ക്ക് പോലും സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ സിദ്ധരാമയ്യ സര്‍ക്കാരില്‍ ലക്ഷ്മി ഹെബ്ബാള്‍കര്‍ മന്ത്രിസഭയിലുണ്ടായിരുന്നു. അഴിച്ചുപണിക്ക് ശേഷം ഇവരെ ഒഴിവാക്കി. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ ആദ്യ പട്ടിക വന്നപ്പോള്‍ ഗായത്രി ശാന്തെഗൗഡ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടു. ഈ മാസം ചേര്‍ന്ന നിയമസഭാ സമ്മേളനം കര്‍ണാടക നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ മന്ത്രി ഇല്ലാത്ത സമ്മേളനം എന്ന നാണക്കേടും സര്‍ക്കാരിന് സമ്മാനിച്ചു. പാര്‍ലമെന്റിലെ വനിതാ സംവരണത്തെച്ചൊല്ലി ബിജെപിക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും, സ്വന്തം പാര്‍ട്ടി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് എത്രമാത്രം രാഷ്ട്രീയ ഇടം നല്‍കുന്നു എന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ്.