
















ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 35കാരിയായ വിധവയെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി യുവതി. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ഗുഡി കോളനിയിലാണ് സംഭവം.എ.എസ്. പേട്ട സ്വദേശിയായ നാഗഭൂഷണമ്മയാണ് കൊല്ലപ്പെട്ടത്. നാല് വര്‍ഷം മുമ്പാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് യശോദയുടെ ഭര്‍ത്താവ് നാഗരാജുവുമായി നാഗഭൂഷണമ്മ രഹസ്യ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബന്ധം അവസാനിപ്പിക്കണമെന്ന് യശോദ പലതവണ ആവശ്യപ്പെട്ടെങ്കിലും നാഗരാജു തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ദമ്പതികള്‍ക്കിടയില്‍ നിരന്തരം തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും നിലനിന്നിരുന്നു.
ശനിയാഴ്ച നാഗരാജു ജോലിക്കായി സ്ഥലത്തില്ലാതിരുന്ന സമയത്ത്, പ്രശ്‌നം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് യശോദ നാഗഭൂഷണമ്മയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ ഇരുവരും തമ്മിലുള്ള സംസാരം പിന്നീട് വാക്കുതര്‍ക്കമായി. ഇതിനിടെ യശോദ ഇരുമ്പുവടി ഉപയോഗിച്ച് നാഗഭൂഷണമ്മയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാഗഭൂഷണമ്മ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
മരണം സംഭവിച്ചതായി മനസിലാക്കിയ യശോദ അയല്‍വാസികളോ പൊലീസോ എത്തുന്നതിന് മുമ്പ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ കോട്ട പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒളിവില്‍ പോയ യശോദയ്ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.