
















ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികള്‍ സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ നാലു നഗരങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളില്‍ വന്‍ നാശനഷ്ടം. ആക്രമണത്തെ തുടര്‍ന്ന് വിവിധ എണ്ണ ശുദ്ധീകരണ ശാലകളിലും ഊര്‍ജ കേന്ദ്രങ്ങളിലും തീപിടിത്തമുണ്ടായി. 70-ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും വിവരമുണ്ട്.
യെമനിലെ ഹൂതികളുടെ ശക്തികേന്ദ്രമായ വടക്കന്‍ മേഖല ലക്ഷ്യമിട്ട് സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ സഖ്യസേന മുന്നേറ്റം ശക്തമാക്കുന്നതിനിടെയാണ് ആക്രമണം. ആറുമാസമായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ഇതോടെ പുതിയൊരു പോര്‍മുഖം തുറന്നിരിക്കുകയാണ്.
യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന അബ്ഹ, നജ്റാന്‍ നഗരങ്ങളിലെ റിഫൈനറികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ചെങ്കടലിലെ തുറമുഖ നഗരമായ ജസാനിലെ റിഫൈനറിയും ഊര്‍ജ നിലയവും മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായും ഇവിടങ്ങളില്‍ വ്യാപകമായി തീപടര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തെക്കന്‍ നഗരമായ ഖമീസ് മുഷായത്തിലെ വ്യോമത്താവളവും ഹൂതികളുടെ ആക്രമണത്തിന് ഇരയായി. ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.