CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 21 Seconds Ago
Breaking Now

സിസിടിവി നിരീക്ഷണം സഹിക്കാനായില്ല'; മരുമകള്‍ അമ്മായിയപ്പനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തു

അമ്മായിയപ്പനെ വകവരുത്താന്‍ ശാലു പദ്ധതിയിടുകയും, മുന്‍ ജീവനക്കാരനായ വിശാലിനെ സമീപിച്ച് ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മരുമകള്‍ അമ്മായിയപ്പനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തു. 63 കാരനായ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകാരന്‍ വിനീത് മിനോച്ചയാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിലെ സിസിടിവി ക്യാമറകള്‍ വഴിയുള്ള നിരന്തര നിരീക്ഷണത്തിലും ചെറിയ ചെലവുകള്‍ക്ക് പോലും പണം ചോദിക്കേണ്ടി വന്നതിലുമുള്ള കടുത്ത നീരസമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് വിനീത് മിനോച്ചയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അദ്ദേഹത്തിന്റെ മരുമകള്‍ ശാലുവിനെയും മുന്‍ വീട്ടുജോലിക്കാരനായ വിശാല്‍, കൂട്ടാളി രാജ് കിഷോര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.

വീടിനുള്ളിലെ കാര്യങ്ങള്‍ അമ്മായിയപ്പന്‍ സിസിടിവി വഴി സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതും, രാത്രി വൈകിയുള്ള പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശാലുവിനെ അദ്ദേഹം വിലക്കിയിരുന്നതും കുടുംബത്തില്‍ നിരന്തര സംഘര്‍ഷത്തിന് കാരണമായിരുന്നു. ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും വീട്ടുചെലവുകള്‍ക്കോ സ്വന്തം ആവശ്യങ്ങള്‍ക്കോ അമ്മായിയപ്പനോട് പണം ചോദിക്കേണ്ടി വരുന്നതില്‍ ശാലു കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ജൂലൈ 28-ന് പാര്‍ട്ടി കഴിഞ്ഞ് വൈകി എത്തിയതിനെത്തുടര്‍ന്ന് അമ്മായിയപ്പനുമായി ഉണ്ടായ രൂക്ഷമായ വാക്കുതര്‍ക്കം ബന്ധത്തില്‍ വഴിതിരിവായി മാറുകയായിരുന്നു.

തുടര്‍ന്ന് അമ്മായിയപ്പനെ വകവരുത്താന്‍ ശാലു പദ്ധതിയിടുകയും, മുന്‍ ജീവനക്കാരനായ വിശാലിനെ സമീപിച്ച് ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ 6-ന് രണ്ട് ലക്ഷം രൂപയും ബാക്കി തുക 15 ദിവസത്തിനകം നല്‍കാമെന്നുമായിരുന്നു കരാര്‍. അപ്പാര്‍ട്ട്‌മെന്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ വിശാലിന് കൈമാറിയ ശാലു, ജന്മാഷ്ടമി ദിവസമായ സെപ്റ്റംബര്‍ 4-ന് സാധനങ്ങള്‍ നല്‍കാമെന്ന വ്യാജേന അയാളെ വിളിച്ചുവരുത്തി പദ്ധതിക്ക് അന്തിമരൂപം നല്‍കി.

ശനിയാഴ്ച രാത്രി ശാലു ഭര്‍ത്താവ് സുബ്രതിനും കുട്ടിക്കുമൊപ്പം പാര്‍ട്ടിക്ക് പോയ തക്കം നോക്കി വിശാലും രാജ് കിഷോറും അപ്പാര്‍ട്ട്‌മെന്റിലെത്തി. സെക്യൂരിറ്റി ഗാര്‍ഡ് തടഞ്ഞെങ്കിലും, വിശാലും കൂട്ടുകാരും മരുന്നുകള്‍ എത്തിക്കാന്‍ വന്നതാണെന്ന് ശാലു ഫോണിലൂടെ ഗാര്‍ഡിന് നിര്‍ദ്ദേശം നല്‍കി അകത്തേക്ക് കടത്തിവിട്ടു.

തുടക്കത്തില്‍ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഇത് ഹൃദയാഘാതമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ മിനോച്ച മുറിയിലെത്തിയതോടെ പ്രതികള്‍ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ശരീരത്തില്‍ 26 കുത്തേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. പാര്‍ട്ടി കഴിഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിയോടെ ശാലുവും ഭര്‍ത്താവും തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെടാത്തതിനാല്‍ തന്നെ കവര്‍ച്ചയല്ല കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ആദ്യമേ ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലുമാണ് പ്രതികള്‍ പിടിയിലായത്. നിലവില്‍ ജയിലിലുള്ള ശാലുവിന് പുറമെ, ഈ ഗൂഢാലോചനയില്‍ ഇരയുടെ മകന്‍ സുബ്രതിന് എന്തെങ്കിലും പങ്കോ അറിവോ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസ് അദ്ദേഹത്തിന്റെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചു വരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.