
















ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ വസ്ത്രം പഴയതാണെന്ന് കണ്ടതിനെ തുടര്‍ന്ന് തിരിച്ചുനല്‍കാന്‍ ശ്രമിച്ച 54 കാരന് നഷ്ടപ്പെട്ടത് 5.78 ലക്ഷം രൂപ. തളിപ്പറമ്പിന് സമീപത്തുള്ളയാളാണ് തട്ടിപ്പിനിരയായത്. 300 രൂപയോളം വിലവരുന്ന വസ്ത്രമാണ് ഇദ്ദേഹം പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ വസ്ത്രം ലഭിച്ചപ്പോള്‍ ഇതു പഴയതാണെന്ന് കണ്ടതിനെ തുടര്‍ന്ന് കമ്പനിയുടെ കസ്റ്റമര്‍കെയറുമായി ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് രണ്ടു പേര്‍ വീഡിയോ കോളില്‍ നിന്ന് വസ്ത്രത്തിന്റെ പണം തിരിച്ചു നല്‍കാമെന്ന് അറിയിച്ചു. ഇതിനായി എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോദിച്ച ശേഷം ഒരു ഒടിപി വന്നതിന്റെ നമ്പറും ചോദിച്ചു. ഇതും നല്‍കിയ ശേഷം കഴിഞ്ഞ 24 മുതല്‍ 26 വരെയുള്ള തിയതികളിലായാണ് ഇയാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 5.78 ലക്ഷം രൂപ നഷ്ടപ്പെട്ടത്.
അസം സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്ന് സംശയമുള്ളതായി പരാതിക്കാരന്‍ പറയുന്നു. ഓണ്‍ലൈന്‍ കമ്പനിയുടെ കസ്റ്റമര്‍കെയര്‍ നമ്പറായി നല്‍കിയത് തട്ടിപ്പുകാരുടെ നമ്പറായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.