
















ബെഡ്‌ഫോര്‍ഡ് : ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ സംഘടനയുമായ ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ കേരളാ അസ്സോസ്സിയേഷന്‍ (ബി എം കെ എ) നേതൃത്വം നല്‍കുന്ന 'പൊന്നോണം 2026' നാളെ സെപ്തംബര്‍ 19 ന് ശനിയാഴ്ച്ച അതിവിപുലമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭം കുറിക്കുന്ന ' പൊന്നോണം 2026' ആഘോഷതോടൊപ്പം ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ കേരള അസോസിയേഷന്റെ പതിനഞ്ചാം വാര്‍ഷികവും സംയുക്തമായി ബെഡ്‌ഫോര്‍ഡിലെ ബ്രോംഹാം വില്ലേജ് ഹാളില്‍ വെച്ച് കൊണ്ടാടും.
ബെഡ്‌ഫോര്‍ഡ് & കെംപ്സ്റ്റണ്‍ പാര്‍ലമെന്റ് മെമ്പര്‍ മൊഹമ്മദ് യാസിന്‍ എംപിയും, കൗണ്‍സിലര്‍ ഫൗസീയ, യുക്മ ദേശീയ സമിതി ജോ. സെക്രട്ടറിയും, പ്രമുഖ സംഗീത ബ്രാന്‍ഡായ 7 ബീറ്റ്‌സിന്റെ മുഖ്യ സംഘാടകനുമായ സണ്ണിമോന്‍ മത്തായി എന്നിവര്‍ ബിഎം കെഎ ഓണാഘോഷത്തില്‍ മുഖ്യാതിഥികളായി പങ്കുചേരും.
ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ കേരള അസ്സോസിയേഷന്‍ അംഗങ്ങള്‍ ചേര്‍ന്നൊരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റാവും. ബിഎംകെഎ ഓണസദ്യക്ക് തൂശനിലയില്‍ വിളമ്പുക 28 ഇനം വിഭവങ്ങള്‍ ആവും. ചെണ്ടമേളം, തിരുവാതിര, കഥകളി,മോഹിനിയാട്ടം, മിമിക്രി, നൃത്യ-നൃത്തങ്ങളടക്കം ഒരുങ്ങുന്ന കലാസന്ധ്യ ആഘോഷത്തെ വര്‍ണ്ണാഭമാക്കും. കൂടാതെ കോമഡി സ്‌കിറ്റുകളും, ഡിജെയും ആകര്‍ഷകങ്ങളായ പരിപാടികളും സംയുക്ത ആഘോഷത്തിന്റെ ഭാഗമായുണ്ടാവും.
ബെഡ്‌ഫോര്‍ഡ് മലയാളികളുടെ സൗഹൃദവേദിയായ ബി എംകെ എ ഒരുക്കുന്ന തിരുവോണ ആഘോഷവും, ഗംഭീര ഓണസദ്യയും സംഘടനയുടെ ജൈത്രയാത്രയുടെ പതിനഞ്ചാം വാര്‍ഷീകത്തിന്റെ ഭാഗമായുള്ള മികവുറ്റ പരിപാടികള്‍ക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പരിപാടിയുടെ ഭാഗമാകുവാന്‍ മുഴുവന്‍ അംഗങ്ങളെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായും അസ്സോസ്സിയേഷന്‍ പ്രസിഡണ്ട് ജോമോന്‍ മാമ്മൂട്ടില്‍ അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:
BROMHAM VILLAGE HALL,
VILLAGE ROAD, BEDFORD,
MK43 8JP
ജോബിന്‍ ജോര്‍ജ്