CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 23 Seconds Ago
Breaking Now

ഇന്ത്യയുടെ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി ലണ്ടനില്‍ ഐഒസിയുടെ വന്‍ പ്രതിഷേധം; പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം

ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും തിരഞ്ഞെടുപ്പ് സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ലണ്ടനില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാര്‍ലമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഐഒസി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഐഒസി യുകെ കേരള ചാപ്റ്റര്‍ (ലണ്ടന്‍) പ്രസിഡന്റ് സുജു കെ. ഡാനിയല്‍  പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ജനാധിപത്യ സംവിധാനവും ഭരണഘടനാ സ്ഥാപനങ്ങളും വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജനാധിപത്യ അവകാശമാണ് വോട്ട്. അതുകൊണ്ടുതന്നെ ഒരു അര്‍ഹനായ വോട്ടര്‍ക്കും വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന വിമര്‍ശനവും സുജു കെ ഡാനിയേല്‍ നടത്തി.

 

ചടങ്ങില്‍ ഐഒസി കേരള ചാപ്റ്റര്‍ (മിഡ്ലാന്‍ഡ്‌സ്) പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യു മുഖ്യാതിഥിയായി. ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കേണ്ടത് ഇന്ത്യയില്‍ കഴിയുന്നവരുടെ മാത്രം ഉത്തരവാദിത്തം അല്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസി സമൂഹത്തിനും അതില്‍ നിര്‍ണായക പങ്കുണ്ടെന്നും അവര്‍ പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ അനിവാര്യം ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐഒസി യുകെ കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അപ്പാ ഗഫൂര്‍ സ്വാഗതം പറഞ്ഞു. ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തില്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ജനറല്‍ സെക്രട്ടറി അഷ്‌റഫ് അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ ബേബി കുട്ടി ജോര്‍ജ്, അശ്വതി നായര്‍, ഐഒസി യുകെ നാഷണല്‍ കമ്മിറ്റി വക്താവ് അജിത് മുതയില്‍, ജനറല്‍ സെക്രട്ടറിമാരായ അജിത് വെണ്‍മണി, റോമി കുര്യാക്കോസ്, സെക്രട്ടറി റോണി ജേക്കബ്, ജോസഫ് കൊച്ചുപുരയ്ക്കല്‍, സാജു മണക്കുഴി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ട്രഷറര്‍ ബിജു വര്‍ഗീസ് നന്ദി പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്റെ സംരക്ഷണം സംബന്ധിച്ച ആശങ്കകള്‍ അവര്‍ പങ്കുവച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഉയരുന്ന സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളും പ്രതിഷേധങ്ങളും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാരും ജനാധിപത്യ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുന്നതിനും അര്‍ഹരായ എല്ലാ പൗരന്മാരുടെയും വോട്ടവകാശം സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും പ്രതിഷേധത്തില്‍ ഉയര്‍ന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതുവരെ ഇത്തരം ജനകീയ പ്രതിഷേധങ്ങള്‍ തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കേരള ചാപ്റ്റര്‍ പിആര്‍ഒ അജി ജോര്‍ജ്, യൂത്ത് വിങ് പ്രസിഡന്റ് എഫ്രേം സാം, ഷിജന്‍ ജോസ് ജോസഫ്, രാജന്‍ പടിയില്‍, അഷറഫ് മൊയ്തീന്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. ലണ്ടനിലെ പ്രതിഷേധം ഇന്ത്യയിലെ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന വേദിയായി മാറിയെന്നും അതിന് തെളിവാണ് നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തമെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ശബ്ദത്തിന് അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുന്നതിനും തുടര്‍ന്നും ശക്തമായി ഇടപെടുമെന്ന് ഐഒസി യുകെ കേരള ചാപ്റ്റര്‍ നേതാക്കള്‍ വ്യക്തമാക്കി.

 

 

 

ബിജു കുളങ്ങര

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.