
















കുര്‍ബാനയ്ക്കിടെ പള്ളിയിലെ തടി കുരിശ് ദേഹത്തേക്ക് പതിച്ച് കത്തോലിക്കാ വൈദികന്‍ മരിച്ചു. ഇക്വഡോറിലെ ഗ്വയാക്വില്‍ നഗരത്തിലുള്ള 'ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ്' പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെയാണ് സംഭവം. ഭിത്തിയില്‍ ഉറപ്പിച്ചിരുന്ന കൂറ്റന്‍ തടി കുരിശ് വൈദികന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സഭയിലെ റെഡംപ്റ്ററിസ്റ്റ് സന്യാസ വിഭാഗത്തിലെ അംഗവും പള്ളി വികാരിയുമായ ഫാദര്‍ പട്രീഷ്യോ ആല്‍ഫ്രഡോ സാഞ്ചേസ് മോലിനാരിയാണ് മരിച്ചത്.
ശനിയാഴ്ച നടന്ന തിരുക്കര്‍മ്മങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രാര്‍ഥനാ ചടങ്ങുകള്‍ തുടങ്ങി ഏകദേശം 27 മിനിറ്റിനു ശേഷം, അള്‍ത്താരയില്‍ നിന്ന് വിശ്വാസികളെ അഭിമുഖീകരിച്ച് സന്ദേശം നല്‍കുകയായിരുന്ന വൈദികന്റെ തൊട്ടുപിന്നിലെ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ഭാരമേറിയ തടി കുരിശ് പെട്ടെന്ന് വേര്‍പെട്ട് അദ്ദേഹത്തിന്റെ തലയിലേക്കും ദേഹത്തേക്കും നേരിട്ട് പതിക്കുകയായിരുന്നു.
സംഭവം കണ്ടുനിന്ന വിശ്വാസികള്‍ ഓടിയെത്തി അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉടന്‍തന്നെ അടിയന്തര വൈദ്യസഹായ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച ഗ്വയാക്വില്‍ അതിരൂപത ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഫാദര്‍ പട്രീഷ്യോയുടെ വേര്‍പാട് സ്ഥിരീകരിച്ചത്.