CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 6 Seconds Ago
Breaking Now

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവം ; ഓവറോള്‍ കിരീടം നോര്‍ത്താംപ്ടണ്

ഓക്‌സ്‌ഫോര്‍ഡ് കാര്‍ഡിനല്‍ ന്യൂമാന്‍ മിഷനും വാട്ഫോര്‍ഡ് ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്‍ ഡെന്‍ഹാമും തുല്യ പോയന്റുകള്‍ നേടി റണ്ണറപ്പ് സ്ഥാനം പങ്കിട്ടു.

നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവത്തില്‍  വിശ്വാസവും കലയും സര്‍ഗാത്മകതയും സമന്വയിച്ച  അമ്പതില്പരം മത്സര ഇനങ്ങളില്‍ എട്ട് വേദികളിലായി 500-ലേറെ കലാപ്രതിഭകള്‍ പങ്കെടുത്തു.

ബൈബിള്‍ പ്രതിഷ്ഠയോടെ കലോത്സവത്തിന് തുടക്കം 

മത്സരവേദികളുടെ വെഞ്ചരിപ്പിനും അനുഗ്രഹപ്രാര്‍ത്ഥനയ്ക്കും ശേഷം ബൈബിള്‍ പ്രതിഷ്ഠയോടെയാണ് കലോത്സവത്തിന് തുടക്കമായത്. ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ഡയറക്ടര്‍ ഫാ. സോണി ജോര്‍ജ് വിശുദ്ധഗ്രന്ഥം വഹിച്ചുകൊണ്ട് ബൈബിള്‍ പ്രതിഷ്ഠാ റാലിക്ക് നേതൃത്വം നല്‍കി. ആതിഥേയരായ സെന്റ് തോമസ് അപ്പസ്‌തോലേറ്റ് മിഷന്‍, നോര്‍ത്താംപ്ടണിന്റെ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനിയില്‍,  ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ മിഷന്‍ ലീഗ്, സാവിയോ ഫ്രണ്ട്‌സ് എന്നീ ഭക്തസംഘടനകളുടെ ഡയറക്ടര്‍ ഫാ. അനീഷ് നെല്ലിക്കല്‍, അപ്പസ്‌തോലേറ്റ് കമ്മീഷന്‍ അംഗവും കലോത്സവ ജനറല്‍ കണ്‍വീനറുമായ സജന്‍ സെബാസ്റ്റ്യന്‍, ബൈബിള്‍ അപ്പസ്‌തോലേറ്റ് കമ്മീഷന്‍ അംഗം ജിനീത ഡേവീസ്, ജനറല്‍ കോര്‍ഡിനേറ്റര്‍മാരായ ജെബിറ്റി ജോസഫ്, സിബി സെബാസ്റ്റ്യന്‍, സിസ്റ്റര്‍മാര്‍, റീജണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റീന ജെബിറ്റി, കാറ്റിക്കിസം റീജണല്‍ ഹെഡ് റാണി സഖറിയ, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കോര്‍ഡിനേറ്റര്‍ സന്തോഷ് പ്ലാശ്ശേരി, സേഫ് ഗാര്‍ഡിങ് കോര്‍ഡിനേറ്റര്‍ റെക്‌സി ജോസ്, വിവിധ മിഷന്‍ അപ്പസ്‌തോലേറ്റ് അംഗങ്ങള്‍ എന്നിവര്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനിയില്‍ തിരുവചനഭാഗം വായിച്ച് ബൈബിള്‍ പ്രതിഷ്ഠ നിര്‍വഹിച്ചു.

തുടര്‍ന്ന്  നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ റീജണല്‍ കലോത്സവ ജനറല്‍ കോര്‍ഡിനേറ്റര്‍ സിബി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു.  നിലവിളക്ക് തെളിച്ച് കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനകര്‍മ്മം  നിര്‍വഹിച്ച ഫാ. സോണി ജോര്‍ജ് ഉദ്ഘാടന സന്ദേശവും  നല്‍കി. 

രാവിലെ 9.30-ഓടെ എട്ട് വേദികളിലും  മത്സരങ്ങള്‍ ആരംഭിച്ചു. ദൈവം നല്‍കിയ സര്‍ഗപ്രതിഭകളും വരദാനങ്ങളും ദൈവമഹത്വത്തിനായി സമര്‍പ്പിക്കാനും നന്ദി അര്‍പ്പിക്കാനുമുള്ള അനുഗ്രഹീത അവസരമായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് കലോത്സവം. ആത്മീയചൈതന്യം നിറഞ്ഞ  ഗാനമത്സരങ്ങള്‍, തിരുവചന വായന, വിശുദ്ധഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങള്‍ അനുഭവവേദ്യമാക്കിയ മോണോ ആക്ടുകള്‍, ബൈബിള്‍ പ്രമേയങ്ങള്‍ ദൃശ്യവല്‍ക്കരിച്ച ടാബ്ലോകള്‍ എന്നിവ ആകര്‍ഷകമായി.   ദൈവവചനസന്ദേശങ്ങള്‍ സംഗീതത്തിന്റെയും അഭിനയത്തിന്റെയും പ്രോപ്പാര്‍ട്ടികളുടെയും അനുബന്ധ പശ്ചാത്തലങ്ങള്‍ ഒരുക്കിയും   അവതരിപ്പിച്ച സ്‌കിറ്റുകള്‍ കലോത്സവത്തിലെ  ഹൈലൈറ്റായി. പ്രസംഗം, ഉപന്യാസം, ചിത്രരചന, പെയിന്റിങ് തുടങ്ങി 50 ല്‍ പ്പരം വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, വിവിധ കാറ്റഗറികളിലായി കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ സുറിയാനി ഗാനമത്സരത്തിനും മാര്‍ഗംകളിക്കും മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും സജീവ സാന്നിധ്യം കലോത്സവത്തെ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും വേദിയാക്കി മാറ്റി.

 

ഓവറോള്‍ കിരീടം നോര്‍ത്താംപ്റ്റന് 

കലാസ്വാദകരാല്‍ നിറഞ്ഞ പ്രധാന ഹാളില്‍ നടന്ന സമാപനസമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവ കോര്‍ഡിനേറ്റര്‍  ജെബിറ്റി ജോസഫിന്റെ നന്ദി പ്രസംഗത്തിന് ശേഷം വ്യക്തിഗത, ഗ്രൂപ്പ് മത്സരങ്ങളിലെ വിജയികള്‍ക്ക് ഉള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ ആതിഥേയരായ നോര്‍ത്താംപ്ടണ്‍ സെന്റ് തോമസ് ദി അപ്പോസ്റ്റല്‍ മിഷന്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് കാര്‍ഡിനല്‍ ന്യൂമാന്‍ മിഷനും     വാട്ഫോര്‍ഡ് ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്‍ ഡെന്‍ഹാമും തുല്യ പോയന്റുകള്‍ നേടി റണ്ണറപ്പ് സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം ഔര്‍ ലേഡി ഓഫ് ഡോളേഴ്‌സ് പ്രൊപോസ്ഡ്എ മിഷന്‍, എയില്‍സ്‌ബെറി കരസ്ഥമാക്കി.

മികച്ച സംഘാടകത്വവും കലാപ്രതിഭകളുടെ മികവും കൃത്യതയാര്‍ന്ന വിധിനിര്‍ണയവും സമര്‍പ്പണബോധമുള്ള വോളണ്ടിയര്‍മാരുടെ സേവനവും കലോത്സവത്തിന്റെ വിജയത്തിന് കരുത്തേകി. പങ്കെടുത്തവര്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വാദ്യകരമായ നാടന്‍ ഭക്ഷണവും ഒരുക്കിയിരുന്നു. ഫാ. സോണി ജോര്‍ജിന്റെ സമാപനപ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം കലോത്സവം സമാപിച്ചു. രാവിലെ 9.30-ന് ആരംഭിച്ച കലോത്സവം രാത്രി 9.30 വരെ നീണ്ടുനിന്നു. തിരുവചനത്തിന്റെ വെളിച്ചത്തില്‍ വിശ്വാസവും കലയും കൂട്ടായ്മയും സമന്വയിച്ച  ഈ തിരുവചനോത്സവം ആത്മീയസാന്ദ്രവും   അവിസ്മരണീയവുമായി.  

 

 

 

 

Appachan Kannanchira

 

 




കൂടുതല്‍വാര്‍ത്തകള്‍.