
















ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ക്ലിഫ് ഹൗസില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ചെലവുകള്‍ പുറത്തുവന്നതോടെ വിവാദം. ചാണകക്കുഴി നിര്‍മിക്കാന്‍ മൂന്ന് ലക്ഷം രൂപയും തൊഴുത്തില്‍ ലൈറ്റ് സ്ഥാപിക്കാന്‍ 3.68 ലക്ഷം രൂപയും ചെലവിട്ടതായാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കാന്‍ 29 ലക്ഷം രൂപയുടെ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കൈമാറിയതിലും ക്രമക്കേട് നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഫോണിലൂടെ നല്‍കിയ നിര്‍ദേശപ്രകാരമാണ് കരാര്‍ കൈമാറിയതെന്ന് ടൂറിസം ഡയറക്ടറുടെ 2017 നവംബറിലെ നടപടിക്രമ രേഖയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരമാണ് ഈ രേഖ പുറത്തുവന്നത്.
നീന്തല്‍ക്കുളം നവീകരണത്തിനും മേല്‍ക്കൂര സ്ഥാപിക്കുന്നതിനുമുള്ള പ്രവൃത്തികള്‍ ഒരാഴ്ചത്തെ ഇടവേളയിലാണ് ഊരാളുങ്കലിനെ ഏല്‍പ്പിച്ചത്. ഒരു മാസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഫോണിലൂടെയുള്ള നിര്‍ദേശം. എന്നാല്‍, അന്ന് അഞ്ച് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരുണ്ടായിരുന്നതിനാല്‍ ആരാണ് നിര്‍ദേശം നല്‍കിയതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കിയിട്ടില്ല.
2018 മുതല്‍ 2021 വരെ നീന്തല്‍ക്കുളത്തിന്റെ പരിപാലനത്തിനായി 12.48 ലക്ഷം രൂപ കൂടി ചെലവിട്ടു. ഇതോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും കുടുംബവും നീന്തല്‍ക്കുളം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിന് ആകെ ചെലവായത് 41.48 ലക്ഷം രൂപയാണ്.
2023ല്‍ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ 39.47 ലക്ഷം രൂപ ചെലവഴിച്ചു. 2021 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ഇലക്ട്രിക്കല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം 25.68 ലക്ഷം രൂപയും ചെലവായി. എസി സ്ഥാപിക്കാനും പരിപാലിക്കാനുമായി എട്ട് ലക്ഷം രൂപയും മുടക്കി.