CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 35 Seconds Ago
Breaking Now

റവ.ഡോ സാജു പിണക്കാട്ട് സൗത്ത് വാര്‍ക്ക് കത്തോലിക്കാ അതിരൂപതയുടെ 'ചാപ്റ്റര്‍ കാനന്‍'; മെത്രാന്മാരും, കാനന്‍മാരും, നിരവധി വൈദികരും സന്നിഹിതരായി ; അഭിമാന വേളയില്‍ പങ്കാളികളായി നിരവധി മലയാളികളും

ബ്രോംലിയിലെ സെന്റ് ജോസഫ് & സെന്റ് സ്വിതുന്‍ കത്തോലിക്കാ ഇടവക വികാരിയും, ബ്രോംലി ഡീനറിയുടെ ഡീനും, സൗത്ത്വര്‍ക്ക് അതിരൂപതയുടെ വൈദിക സമിതിയിലെ അംഗവുമായ റവ. ഡോ  സാജു പിണക്കാട്ടിനെ സൗത്ത്വര്‍ക്ക് അതിരൂപതയുടെ 'ചാപ്റ്റര്‍ കാനന്‍' പദവിയില്‍ നിയമിച്ചു. സൗത്ത്വര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായ അഭിവന്ദ്യ ജോണ്‍ വില്‍സണ്‍ പിതാവാണ് സാജു അച്ചനെ  ചാപ്റ്റര്‍ കാനന്‍ ആയി നിയമനം നല്‍കിയത്. സാജു അച്ചന് ലഭിച്ച ഈ പദവി വ്യക്തിപരമായ അംഗീകാരം എന്നതിലുപരി, വിശാലമായ കത്തോലിക്കാ സമൂഹത്തിനും പ്രത്യേകിച്ച് സീറോമലബാര്‍ സഭയ്ക്കും, മലയാളി വിശ്വാസി സമൂഹത്തിനും ഏറെ അഭിമാനകരമായ നേട്ടമാണ്.  

അതിമെത്രാസനത്തിന്റെ ആത്മീയവും, ആരാധനാക്രമപരവും, അജപാലനപരവുമായ ദൗത്യങ്ങളില്‍ ആര്‍ച്ച്ബിഷപ്പിനെ സഹായിക്കുന്നതിനായി കത്തീഡ്രല്‍ ചാപ്റ്ററിലെ അംഗമായി ആര്‍ച്ച് ബിഷപ്പ് നിയമിക്കുന്ന വൈദികനെയാണ് 'ചാപ്റ്റര്‍ കാനന്‍' എന്ന് വിളിക്കുന്നത്. ഈ പദവി ഒരു ബഹുമതിയെന്നതിലുപരി, വിശ്വാസപരവും, നയപരവുമായ വലിയ ഉത്തരവാദിത്വം കൂടിയാണ്.

 

വന്‍ വിശ്വാസിസാഗരത്തെ സാക്ഷിയാക്കി സാജു അച്ചന് ചാപ്റ്റര്‍ കാനന്‍ പദവിയില്‍ നിയമനം

 

സൗത്ത്വര്‍ക്ക് അതിരൂപതയിലെ  ബിഷപ്പുമാര്‍, വൈദികര്‍, സമര്‍പ്പിതര്‍, വിശ്വാസികള്‍, ബന്ധുമിത്രാദികള്‍, അഭ്യുദയകാംക്ഷികള്‍ അടക്കം വന്‍ വിശ്വാസി ജനസാഗരത്തിന്റെ സാന്നിധ്യത്തിലാണ് ഫാ. സാജുവിനെ ഔപചാരികമായി ചാപ്റ്റര്‍ കാനനായി സ്ഥാനാരോഹണം നടത്തിയത്. സൗത്താര്‍ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോണ്‍ വില്‍സണ്‍ പിതാവിന് അടിയന്തിര സാഹചര്യത്തില്‍ പെട്ടെന്ന്   മടങ്ങേണ്ടി വന്നതിനാല്‍ ജിം ക്രോണിന്‍ (പ്രോവോസ്റ്റ് കാനന്‍) ആയിരുന്നു ആര്‍ച്ച് ബിഷപ്പിന് പകരം ചുമതല നിര്‍വ്വഹിച്ചത്. ബിഷപ്പ് പോള്‍ ഹെന്‍ഡ്രിക്‌സ്, ബിഷപ്പ് ജെറാര്‍ഡ് ബ്രാഡ്‌ലി , കാനന്‍ വിക്ടര്‍ (ഡാര്‍ലിംഗ്ടണ്‍ എപ്പിസ്‌കോപ്പല്‍ വികാരി), മൈക്കിള്‍ ബ്രാഞ്ച് (കത്തീഡ്രല്‍ ഡീന്‍), വികാര്‍ ജനറാള്‍ മോണ്‍. ഗേറി യൂവിംഗ് തുടങ്ങിയവര്‍  സന്നിഹിതരായിരുന്നു. 

തിരുസഭയ്ക്കുവേണ്ടി ഒരു വൈദികന്‍ കാഴ്ചവെക്കുന്ന ആത്മാര്‍ത്ഥവും, സ്തുത്യര്‍ഹവും, സമര്‍പ്പിതവുമായ സേവനത്തിനുള്ള വലിയ അംഗീകാരമായാണ് 'ചാപ്റ്റര്‍ കാനന്‍' പദവി കണക്കാക്കപ്പെടുന്നത്.ചാപ്റ്റര്‍ കാനന്‍ അതിരൂപതയിലെ പ്രധാന ആരാധനാഘോഷങ്ങളില്‍ പങ്കെടുക്കുകയും ആവശ്യമായ അവസരങ്ങളില്‍ ആര്‍ച്ച് ബിഷപ്പിന് ഉപദേശവും, സഹായവും നല്‍കുകയും, അതോടൊപ്പം സഭയുടെ ദൗത്യം പ്രോത്സാഹിപ്പിക്കുകയും, വൈദികരും അല്‍മായരും തമ്മിലുള്ള ഐക്യം വളര്‍ത്തുകയും ചെയ്യുന്നു. തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ഇടവകദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും കത്തീഡ്രലിന്റെയും അതിരൂപതയുടെയുംപ്രതിനിധികളായി പ്രവര്‍ത്തിച്ച് നയ രൂപീകരണം, നേതൃത്വം, പ്രാര്‍ത്ഥന, അജപാലന ശുശ്രൂഷ എന്നീ മേഖലകളില്‍ പ്രധാനമായി ശ്രദ്ധചെലുത്തുകയും സംഭാവനകള്‍ നല്‍കുകയുമാണ് ഉത്തരവാദിത്വം. 

തലശ്ശേരി രൂപതയിലെ കൊച്ചച്ചനില്‍ നിന്നും, യു കെ യിലെ സൗത്വാര്‍ക്ക് അതിരൂപതയുടെ ചാപ്റ്റര്‍ കാനന്‍ പദവിയിലേക്ക്

തലശ്ശേരി അതിരൂപതയിലെ കുടിയാന്‍മല ഫാത്തിമമാതാ ഇടവകാംഗങ്ങളായ തോമസ് പിണക്കാട്ടിന്റെയും, പരേതയായ മേരി അറക്കപ്പറമ്പിലിന്റെയും മകനാണ് സാജു അച്ചന്‍. 2000 ല്‍ തന്റെ ഇടവകയായ കുടിയാന്‍മല ഫാത്തിമമാതാ ദേവാലയത്തില്‍ വെച്ച് തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്  മാര്‍ ജോര്‍ജ്ജ്  വലിയമറ്റത്തില്‍ പിതാവില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ച സാജു അച്ചന്‍, തുടര്‍ന്ന്

തന്റെ കപ്പൂച്ചിന്‍ കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ പ്രസാധനം നടത്തി വന്നിരുന്ന അസ്സീസ്സി മാസികയുടെ ചീഫ് എഡിറ്റര്‍ പദവിയിലും,  ഭരണങ്ങാനം സെറാഫിക് സെമിനാരിയില്‍ വൈസ് റെക്ടറായും 2000-2006 കാലഘട്ടത്തില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2006 ല്‍ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ വിശുദ്ധ ഗ്രന്ഥ ശാസ്ത്രത്തില്‍ പഠനത്തിനായി അയക്കപ്പെട്ട സാജു അച്ചന്‍ അവിടെ നിന്നും ലൈസന്‍ഷ്യേറ്റ് ബിരുദം നേടി. 

യു കെ സതക് രൂപതയില്‍ നിന്നും വൈദിക സേവനത്തിനായി ക്ഷണം ലഭിച്ച അച്ചന്‍ 2008 ല്‍ യു കെ യില്‍ എത്തുകയായിരുന്നു. ബ്രോംലി റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ അസിസ്റ്റന്റ് പ്രീസ്റ്റായി അജപാലന ശുശ്രുഷ ആരംഭിച്ചു. പഠനത്തില്‍ ഏറെ തല്പരനായിരുന്ന സാജു അച്ചന്‍ ബ്രോംലിയില്‍ അജപാലന ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കെത്തന്നെ,  ലണ്ടനിലെ ഹെയ്‌ത്രോപ് കോളേജില്‍ നിന്ന് ബൈബിള്‍ പഠനത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. ടണ്‍ബ്രിഡ്ജിലെ കോര്‍പ്പസ് ക്രിസ്റ്റി ദേവാലയത്തിലും, സെന്റ് ഡൊമിനിക് ചര്‍ച്ച്, വഡോണിലും വികാരിയായും അച്ചന്‍ ശ്രദ്ധേയമായ സേവനം ചെയ്തിട്ടുണ്ട്. 

2014- 2021 വരെ വോണര്‍ഷിലെ സെന്റ് ജോണ്‍സ് സെമിനാരിയില്‍ വിശുദ്ധഗ്രന്ഥശാസ്ത്ര അധ്യാപകനായും സാജു അച്ചന്‍ മികവുറ്റ സേവനം ചെയ്തിട്ടുണ്ട്. 

യു കെ യിലെ  സീറോ-മലബാര്‍ കത്തോലിക്ക സമൂഹത്തിന്റെ അജപാലന ശുശ്രൂഷയിലും, ഫാ. സാജു തന്റെ കയ്യൊപ്പു ചാര്‍ത്തിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ-മലബാര്‍ രൂപതസ്ഥാപിതമാകുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം സീറോമലബാര്‍ വിശ്വാസികള്‍ക്ക് ആത്മീയവും, അജപാലനപരവും, കൂടാതെ  മതബോധന മേഖലയിലും പ്രശംസനീയമായ തലത്തില്‍ നേതൃത്വം നല്‍കിപ്പോന്നിരുന്നു. ബ്രോംലിയില്‍ സീറോമലബാര്‍ കുര്‍ബ്ബാന കേന്ദ്രം ആരംഭിക്കുകയും, 20011-2018 വരെ സീറോമലബാര്‍ കുര്‍ബ്ബാന കേന്ദ്രത്തിന്റെ പ്രീസ്റ്റ് ഇന്‍ ചാര്‍ജായിരുന്ന അച്ചന്‍, 2018 മുതല്‍ 2024 വരെ ചീമില്‍ സീറോ മലബാര്‍ മിഷന്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കപ്പുച്ചിന്‍ സഭാംഗമായി വൈദികപട്ടം സ്വീകരിച്ച സാജു അച്ചന്‍ നിലവില്‍  ബ്രോംലി ഡീനറിയുടെ ഡീനായും, സൗത്ത്വര്‍ക്ക്അതിരൂപതയുടെ വൈദിക സമിതിയിലെ അംഗമായും സേവനം അനുഷ്ഠിച്ചുവരുന്നു. ചാപ്റ്റര്‍ കാനന്‍ പദവിയിലുള്ള അദ്ദേഹത്തിന്റെ നിയമനം ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടുന്ന കത്തോലിക്കാ സഭയുടെ വളര്‍ന്നുവരുന്ന വൈവിധ്യത്തെയും, പ്രാദേശിക സഭയെ വിശ്വസ്തതയോടെ സേവിക്കുന്ന വിദേശ വൈദികരുടെ വിലപ്പെട്ട സംഭാവനകളോടുമുള്ള റോമന്‍ കത്തോലിക്കാ സഭയുടെ സമീപനവും അംഗീകാരവുമാണ് സാജു അച്ചന് ലഭിച്ച  ഉന്നത നിയമനം  പ്രതിഫലിപ്പിക്കുന്നത്. 

സാജു അച്ചന്റെ കുടുംബാംഗങ്ങള്‍ക്കും, ബന്ധുമിത്രാദികള്‍ക്കും, ഇടവകാംഗങ്ങള്‍ക്കും, അതോടൊപ്പം വര്‍ഷങ്ങളായി അദ്ദേഹം സേവനം ചെയ്തിട്ടുള്ള അനേകം വിശ്വാസ സമൂഹങ്ങള്‍ക്കും, വലിയ സന്തോഷത്തിനും  അഭിമാനത്തിനും കാരണമായിരിക്കുകയാണ് അദ്ദേഹത്തിന് ലഭിച്ച 'ചാപ്റ്റര്‍ കാനന്‍' പദവി. സൗത്വര്‍ക്ക് അതിരൂപതയിലെ ആദ്യ ഇന്ത്യന്‍ 'ചാപ്റ്റര്‍ കാനന്‍' എന്ന നിലയിലും, ഒരു പക്ഷെ നിലവില്‍ യു കെ യിലെ ഏക മലയാളി ചാപ്റ്റര്‍ കാനനും ആയിരിക്കാം റവ. ഡോ സാജു പിണക്കാട്ട് അച്ചന്‍ എന്നാണു കരുതപ്പെടുന്നത്.

 

യു കെ  കത്തോലിക്ക സഭയില്‍ വിവിധ പദവികള്‍ സ്തുത്യര്‍ഹമായ  നിലയില്‍ വഹിച്ചിട്ടുളള സാജു അച്ചന്‍ സഭാ നേതൃത്വ തലങ്ങളില്‍ ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചേരട്ടെ എന്നാണ് അച്ചനെ അറിയുന്ന എല്ലാവരുടെയും പ്രാര്‍ഥനകളും 

Appachan Kannanchira




കൂടുതല്‍വാര്‍ത്തകള്‍.