CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Minutes 1 Seconds Ago
Breaking Now

പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് വെടിയേറ്റ സംഭവത്തില്‍ സഹപാഠിയുടെ മാതാവിനെതിരെ കേസ്

തദ്ദേശീയമായി നിര്‍മിച്ച, ലൈസന്‍സില്ലാത്ത നാടന്‍ റിവോള്‍വറാണ് വിദ്യാര്‍ഥിയുടെ കൈവശമുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

പാലക്കാട് പരുതൂര്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റ സംഭവത്തില്‍ സഹപാഠിയുടെ മാതാവിനെതിരെ പോലീസ് കേസെടുത്തു. അനധികൃതമായി തോക്ക് കൈവശം വെച്ചതിനാണ് നടപടി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തദ്ദേശീയമായി നിര്‍മിച്ച, ലൈസന്‍സില്ലാത്ത നാടന്‍ റിവോള്‍വറാണ് വിദ്യാര്‍ഥിയുടെ കൈവശമുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. മുത്തച്ഛന്‍ കാലങ്ങളായി ഉപയോഗിച്ചിരുന്ന തോക്ക് സഹപാഠിയെ കാണിക്കാനായി സ്‌കൂളിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാണ് വിദ്യാര്‍ഥി പോലീസിന് നല്‍കിയ മൊഴി.

അതേസമയം, വെടിയേറ്റ വിദ്യാര്‍ഥി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രണ്ടാം പിരീഡിനിടെയാണ് ക്ലാസ് മുറിയില്‍ വെടി പൊട്ടിയത്. സഹപാഠികളെ കാണിക്കാനായി വിദ്യാര്‍ഥി കൊണ്ടുവന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നു. ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ യാതൊരുവിധ തര്‍ക്കങ്ങളോ വഴക്കോ ഉണ്ടായിരുന്നില്ലെന്നും തോക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നും അധ്യാപകര്‍ പറഞ്ഞു.

തോക്കില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ വെടി പൊട്ടി. ആദ്യത്തെ വെടിയുണ്ട ക്ലാസ് മുറിയിലെ നിലത്താണ് പതിച്ചത്. രണ്ടാമത്തെ ഉണ്ട വിദ്യാര്‍ഥിയുടെ ശരീരത്തിന് തൊട്ടരികിലൂടെ കടന്നുപോയെങ്കിലും, മൂന്നാമത് പൊട്ടിയ വെടിയുണ്ട കുട്ടിയുടെ തോളില്‍ തുളഞ്ഞുകയറുകയായിരുന്നു.

ക്ലാസ് മുറിയില്‍നിന്ന് വലിയ ശബ്ദം കേട്ട് ഓടിയെത്തിയ അധ്യാപകര്‍ ഉടന്‍തന്നെ വിദ്യാര്‍ഥിയുടെ പക്കല്‍നിന്ന് തോക്ക് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയിലൂടെ തോളില്‍ തറച്ച വെടിയുണ്ട പുറത്തെടുത്തിട്ടുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.