
















ലോകസുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം കെസിയ ലിസ് മെജോയ്ക്ക് അവസാന 12 പേരുടെ പട്ടികയില്‍ ഇടം നേടാനായില്ല. പ്യൂര്‍ട്ടോറിക്കോയിലെ സാന്‍ ജുവാനില്‍ നടന്ന 75-ാമത് മിസ് യൂണിവേഴ്‌സ് ഗ്രാന്‍ഡ് ഫിനാലെയിലാണ് ഇന്ത്യയുടെ യാത്ര അവസാനിച്ചത്. 112 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് ഇത്തവണ കിരീടത്തിനായി മാറ്റുരച്ചത്. മിസ് യൂണിവേഴ്‌സ് വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ മലയാളി എന്ന നേട്ടത്തോടെയാണ് മാവേലിക്കര സ്വദേശിനിയായ കെസിയ ശ്രദ്ധ നേടിയത്.
മത്സരത്തില്‍ ആദ്യ 30 പേരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ കെസിയയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അവസാന 12 പേരെ തിരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ മുന്നേറാനായില്ല. കിരീടം നേടാനായില്ലെങ്കിലും അന്താരാഷ്ട്ര വേദിയിലെ കെസിയയുടെ സാന്നിധ്യം മലയാളികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടി. കേരളത്തിന്റെ സംസ്‌കാരവും ഇന്ത്യയുടെ പാരമ്പര്യവും അവതരിപ്പിച്ചുള്ള പ്രകടനവും ശ്രദ്ധേയമായി.
മാവേലിക്കര സ്വദേശിയായ കെസിയ വളര്‍ന്നതും പഠിച്ചതും അബുദാബിയിലാണ്. നിലവില്‍ ബെംഗളൂരുവില്‍ നിയമപഠനം നടത്തുന്ന 19-കാരി മോഡലിങ് രംഗത്തും സജീവമാണ്. ഈ വര്‍ഷം ഓഗസ്റ്റ് 23ന് ജയ്പൂരില്‍ നടന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തില്‍ 52 പേരെ പിന്തള്ളിയാണ് കിരീടം സ്വന്തമാക്കിയത്. മിസ് യൂണിവേഴ്‌സ് കേരള പട്ടവും കെസിയ നേടിയിരുന്നു.
സ്വന്തം നിറത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധം ഒരുകാലത്ത് തന്നെ അലട്ടിയിരുന്നുവെന്ന് കെസിയ വെളിപ്പെടുത്തിയിട്ടുണ്ട്. വെളുത്ത നിറം മാത്രമാണ് സൗന്ദര്യമെന്ന ധാരണകളെ മറികടന്ന് സ്വന്തം വ്യക്തിത്വത്തെ അംഗീകരിക്കാനും വലിയ സ്വപ്നങ്ങള്‍ പിന്തുടരാനും കഴിഞ്ഞതാണ് തന്റെ യാത്രയിലെ പ്രധാന വിജയമെന്നും താരം വ്യക്തമാക്കിയിരുന്നു. മിസ് യൂണിവേഴ്‌സ് കിരീടം നേടാനായില്ലെങ്കിലും ലോകവേദിയില്‍ മലയാളത്തിന്റെ സാന്നിധ്യമറിയിച്ചാണ് കെസിയ മടങ്ങുന്നത്.