
















യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിരുന്നത് തന്നെയായിരുന്നു തന്റെ പേരെന്നും എന്നാല്‍ ആ തീരുമാനം ഒറ്റരാത്രികൊണ്ട് അട്ടിമറിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് ജെ.എസ്. അഖില്‍. ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തന്റെ പേര് കുറിപ്പായി നല്‍കിയിട്ടും ഷാഫി പറമ്പില്‍ ഇടപെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ അധ്യക്ഷനാക്കുകയായിരുന്നുവെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അഖിലിന്റെ പ്രതികരണം.
അന്നത്തെ തീരുമാനത്തില്‍ തനിക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിലും, പാര്‍ട്ടിക്ക് ദോഷം സംഭവിക്കരുതെന്ന് കരുതിയാണ് പരസ്യപ്രതികരണത്തിന് മുതിരാതിരുന്നതെന്ന് അഖില്‍ വ്യക്തമാക്കി. തന്റെ ആഗ്രഹം നടക്കാതിരുന്നതില്‍ ഉമ്മന്‍ചാണ്ടിക്കും വലിയ വിഷമമുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദവികളില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കപ്പെട്ടതില്‍ പ്രയാസമുണ്ടെങ്കിലും, അധികാരസ്ഥാനങ്ങള്‍ മോഹിക്കാതെ പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അഖില്‍ പറഞ്ഞു. നേതാക്കള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പാര്‍ട്ടി കൃത്യമായ ആത്മപരിശോധനയും വിലയിരുത്തലും നടത്തണമെന്നും ഓര്‍മ്മിപ്പിച്ചു.
'ഉമ്മന്‍ചാണ്ടി അവസാന നാളുകളില്‍ ഒരു കുറിപ്പെഴുതി, കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള കുറിപ്പ്. അത് വലിച്ചു കീറി ചവറ്റുക്കുട്ടയിലെറിഞ്ഞാണ് അടൂര്‍ക്കാരനെ വെച്ചത്'- എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍. രാഹുല്‍ മാങ്കുട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും അദ്ദേഹം രൂക്ഷ ഭാഷയില്‍ പരാമര്‍ശിച്ചു.