CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 39 Seconds Ago
Breaking Now

അമിതമായ അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് താനും ഗുരുതരമായ വൃക്കരോഗത്തിന് ഇരയായി ; വെളിപ്പെടുത്തി ഗായകന്‍

രോഗം മൂര്‍ച്ഛിച്ചതോടെ ശരീരത്തിന്റെ പ്രതിരോധശേഷി പൂര്‍ണ്ണമായി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി.

അമിതമായ അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് താനും ഗുരുതരമായ വൃക്കരോഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍. അടുത്തിടെ 17-കാരിക്ക് വൃക്കരോഗം ബാധിക്കാന്‍ കാരണമായ മെംബ്രനസ് നെഫ്രോപ്പതി എന്ന അതേ രോഗാവസ്ഥയാണ് തനിക്കുമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട്ടെ ഒരു സുഹൃത്ത് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സലീം ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ക്രീം പുരട്ടി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിറം വെക്കുന്ന തരത്തിലുള്ള പ്രകടമായ ഫലം ലഭിച്ചു. എന്നാല്‍, പിന്നീട് സ്ഥിതി മാറുകയും മുന്‍പുണ്ടായിരുന്നതിനേക്കാള്‍ രൂക്ഷമായി മുഖം കരിവാളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. ശരീരത്തില്‍ നടത്താത്ത പരിശോധനകള്‍ ഒന്നുമില്ലാത്ത അവസ്ഥയായിരുന്നുവെന്നും, മാസങ്ങളോളം നീണ്ട ചികിത്സകള്‍ക്ക് ശേഷമാണ് രോഗത്തിന്റെ യഥാര്‍ത്ഥ കാരണം പോലും കണ്ടെത്താനായതെന്നും സലീം കോടത്തൂര്‍ വെളിപ്പെടുത്തി.

രോഗം മൂര്‍ച്ഛിച്ചതോടെ ശരീരത്തിന്റെ പ്രതിരോധശേഷി പൂര്‍ണ്ണമായി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ, രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് മാസങ്ങളോളം തന്റെ സംഗീത പരിപാടികള്‍ മാറ്റിവെക്കേണ്ടി വന്നു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും ഉറക്കം പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തിയിട്ടില്ലെന്നും രോഗത്തെ തുടര്‍ന്ന് പല ഭക്ഷണസാധനങ്ങളും കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടി വന്നതായും അദ്ദേഹം പറയുന്നു.

വൃക്കകളില്‍ രക്തം ശുദ്ധീകരിക്കുന്ന സൂക്ഷ്മ അരിപ്പകളായ ഗ്ലോമെറുലൈകള്‍ക്ക് (Glomeruli) തകരാറും വീക്കവും സംഭവിക്കുന്ന രോഗാവസ്ഥയാണ് മെംബ്രനസ് നെഫ്രോപ്പതി. ഇതുമൂലം ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ മൂത്രത്തിലൂടെ വലിയ അളവില്‍ നഷ്ടപ്പെടുകയും, ശരീരത്തില്‍ നീര് വരികയും രോഗപ്രതിരോധ ശേഷി ഗണ്യമായി കുറയുകയും ചെയ്യുന്നു.

അംഗീകാരമില്ലാത്തതും വ്യാജവുമായ ഫെയര്‍നെസ് ക്രീമുകളില്‍ ചര്‍മ്മത്തിന് പെട്ടെന്ന് നിറം നല്‍കാനായി ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി ചേര്‍ക്കാറുണ്ട്. ഇത് ചര്‍മ്മത്തിലെ മെലാനിന്‍ ഉല്‍പ്പാദനം തടഞ്ഞ് തുടക്കത്തില്‍ കൃത്രിമ നിറം നല്‍കുമെങ്കിലും, പിന്നീട് ചര്‍മ്മകോശങ്ങളെ നശിപ്പിച്ച് മുഖം കൂടുതല്‍ കരിവാളിക്കുന്നതിനും ചര്‍മ്മത്തിലൂടെ രക്തത്തില്‍ കലര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി തകരാറിലാക്കുന്നതിനും കാരണമാകുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.