Breaking Now

നിതീഷ് കട്ടാരയുടെ സഹോദരനുനേരെ വധശ്രമം; പിന്നില്‍ എം.പി.യെന്ന് ആരോപണം

അജ്ഞാതര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്നും സംഭവത്തിനു പിന്നില്‍ മുന്‍ എം.പി. ഡി.പി. യാദവാണെന്നും കാട്ടി അജയ് കട്ടാര പരാതിനല്‍കി

ഡല്‍ഹിയിലെ വ്യവസായിയായ നിതീഷ് കട്ടാരയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയും നിതീഷിന്റെ മൂത്ത സഹോദരനുമായ അജയ് കട്ടാരയ്ക്കുനേരെ വധശ്രമം.

സഹിബാബാദ് പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതിനല്‍കിയത്. കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും തന്റെ സ്വത്തുക്കള്‍ നശിപ്പിക്കുമെന്നും അക്രമികള്‍ ഭീഷണിമുഴക്കിയതായി കട്ടാര പറഞ്ഞു.

കട്ടാരയെ കൊലപ്പെടുത്തിയ കേസില്‍ ഡി.പി. യാദവിന്റെ മകന്‍ വികാസ് യാദവ് ജയില്‍ശിക്ഷ അനുഭവിക്കുകയാണ്.

അക്രമികള്‍ തന്നെ വാഹനം കയറ്റിക്കൊല്ലാന്‍ ശ്രമിച്ചെന്നും അജയ് പരാതിയില്‍ പറഞ്ഞു. വീട്ടിലേക്ക് മടങ്ങുംവഴി അശോക്‌വാടികയ്ക്കു സമീപമാണ് സംഭവം. അജയിന്റെ കാറില്‍ പിന്നില്‍നിന്നു വന്ന വാഹനം ഇടിക്കുകയായിരുന്നു. പ്രതികരിച്ചപ്പോള്‍ കൊല്ലുമെന്ന് ഡ്രൈവര്‍ ഭീഷണിമുഴക്കി. ഇതിനുശേഷം ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അജയിന് പരിക്കേറ്റതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

2002 ഫിബ്രവരിയിലാണ് പ്രണയബന്ധത്തെത്തുടര്‍ന്നുണ്ടായ വിരോധത്തിനൊടുവില്‍ അജയിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് വികാസും ബന്ധു വിശാലും ജയില്‍ശിക്ഷ അനുഭവിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.