എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ വീണ്ടും ട്വിസ്റ്റ്. അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാരുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ പുതിയ തലത്തിലെത്തുന്നത്. പൈലറ്റുമാരില്‍ ഒരാള്‍ക്ക് വിഷാദവും, മാനസിക ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്നതായുള്ള വാദങ്ങളാണ് മെഡിക്കല്‍ രേഖകള്‍ പരിശോധിക്കുന്നതിലേക്ക് എത്തിക്കുന്നത്.
8200 മണിക്കൂറിലേറെ ഫ്‌ളൈയിംഗ് എക്‌സ്പീരിയന്‍സുള്ള ക്യാപ്റ്റന്‍ സുമീത് സബര്‍വാളാണ് ബോയിംഗ് 787 ഡ്രീംലൈനറിനെ പൈലറ്റ് ചെയ്തത്. എന്നാല്‍ അഹമ്മദാബാദിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം റസിഡന്‍ഷ്യല്‍ ഏരിയയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തിലെ പൈലറ്റുമാരടക്കം 241 പേര്‍ക്കും, ഇടിച്ചിറങ്ങിയ കെട്ടിടത്തിലെ 19 പേര്‍ക്കുമാണ് ജീവഹാനി നേരിട്ടത്.
ജൂണ്‍ 12ന് ടേക്ക് ഓഫിന് പിന്നാലെ എയര്‍ ഇന്ത്യ 171 വിമാനത്തിലെ കോക്ക്പിറ്റിലെ രണ്ട് ഫ്യൂവല്‍ സ്വിച്ചുകളും ഓഫായിരുന്നു. ഇതുവഴി വിമാനത്തിന്റെ ശേഷി നഷ്ടമാകുകയും, നിലത്തേക്ക് പതിക്കുകയുമായിരുന്നു. സ്വിച്ചുകള്‍ക്ക് ലോക്കിംഗ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സ്ഥാനം മാറ്റാന്‍ ഇത് ഉയര്‍ത്തിയ ശേഷം മാത്രമാണ് ചെയ്യാന്‍ കഴിയുക. അതുകൊണ്ട് തന്നെ അബദ്ധത്തില്‍ ഓഫാകുന്ന പുഷ് ബട്ടണ്‍ പോലെയല്ല ഇത് പ്രവര്‍ത്തിക്കുന്നത്.
അന്വേഷണ സംഘം പൈലറ്റുമാരുടെ പെരുമാറ്റങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ മുന്‍നിര ഏവിയേഷന്‍ സുരക്ഷാ വിദഗ്ധനായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥനാണ് അനുഭവസമ്പന്നനായ പൈലറ്റിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോപിക്കുന്നത്. അമ്മ മരിച്ച ശേഷം ലീവിലായിരുന്ന ക്യാപ്റ്റന്‍ സബര്‍വാള്‍ മെഡിക്കല്‍ ക്ലിയറന്‍സ് നേടിയ ശേഷമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. അപകടം നടക്കുന്നതിന് ഒരു മാസം മുന്‍പായിരുന്നു ഇതെന്നാണ് ക്യാപ്റ്റന്‍ മോഹന്റെ വെളിപ്പെടുത്തല്‍. 3400 മണിക്കൂര്‍ പറത്തിയിട്ടുള്ള 28-കാരന്‍ ക്ലൈവ് കുന്ദറായിരുന്നു സഹപൈലറ്റ്.