ഹാരി രാജകുമാരനെ ഒറ്റപ്പെടുത്തി വേട്ടയാടുന്നതില്‍ ഒരു സുഖം കണ്ടെത്തുന്നവരാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. അതുകൊണ്ട് തന്നെ ഹാരിയെ കുറ്റപ്പെടുത്താന്‍ കിട്ടുന്ന ഒരു അവസരവും അവര്‍ പാഴാക്കാറില്ല. എന്നാല്‍ ഇവര്‍ക്കൊന്നും അത്ര താല്‍പര്യമില്ലാത്ത ഒരു സംഗതിയാണ് ഇപ്പോള്‍ അരങ്ങേറുന്നത്.
രാജകുടുംബം ഹാരി രാജകുമാരനുമായി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ചാള്‍സ് രാജാവിന്റെയും, ഹാരി രാജകുമാരന്റെയും മുതിര്‍ന്ന സഹായികള്‍ സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിച്ചതായി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബത്തില്‍ നിലനില്‍ക്കുന്ന ഭിന്നിപ്പ് അവസാനിപ്പിക്കാനുള്ള ആദ്യ ചുവടുവെയ്പ്പായാണ് ഇതിനെ കാണുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചകള്‍ നടപടിക്രമങ്ങളിലെ ആദ്യ ചുവടാണെന്നാണ് കരുതുന്നത്. രാജകുടുംബവും, സസെക്‌സ് ഡ്യൂക്കും, ഡച്ചസുമായി നിലനില്‍ക്കുന്ന ഭിന്നത പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലണ്ടനിലെ പ്രൈവറ്റ് മെംബേഴ്‌സ് ക്ലബില്‍ വെച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
അതേസമയം ചാള്‍സിന്റെ ഭാഗത്ത് നിന്നാണോ, അതോ ഹാരിയുടെ ഭാഗത്ത് നിന്നാണോ സമാധാനത്തിന്റെ വെള്ളക്കൊടി ആദ്യം വീശിയതെന്ന് വ്യക്തമല്ല. എന്നിരുന്നാലും ഹൗസ് ഓഫ് വിന്‍ഡ്‌സറിലെ അന്തഃഛിദ്രം അവസാനിപ്പിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.