മിഡില്‍ ഈസ്റ്റില്‍ കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ ഇന്ധനവില കുതിച്ചുയരുകയാണ്. ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതിന്റെ പ്രത്യാഘാതം പെട്രോള്‍ പമ്പുകളില്‍ എത്തുന്ന മോട്ടോറിസ്റ്റുകള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. ബാരലിന് 77.75 ഡോളറാണ് ക്രൂഡ് ഓയില്‍ വില. 2014 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇറാന്‍ ആണവ കരാറില്‍ നിന്നും അമേരിക്കന്‍ പിന്‍മാറിയതാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സംജാതമാക്കിയത്. ഇതിന് പിന്നാലെ ഇറാനും, ഇസ്രയേലും കൊമ്പുകോര്‍ക്കുന്ന സ്ഥിതിയുമുണ്ട്.
വാഹനം ഓടിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ ഇന്ധന ഉപയോഗം കുറയ്ക്കാനും ലാഭം കൈക്കലാക്കാനും സാധിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. വാഹനം ആക്‌സിലറേറ്റ് ചെയ്യുന്നതും ബ്രേക്ക് ചെയ്യുന്നതും പോലുള്ള കാര്യങ്ങള്‍ വരെ ശ്രദ്ധിച്ചാല്‍ 15 ശതമാനം വരെ ഇന്ധന ഉപയോഗം കുറയ്ക്കാം.
വാഹനത്തില്‍ അമിതഭാരം കുത്തിനിറയ്ക്കാതിരിക്കുകയാണ് ഒരു കാര്യം. ആവശ്യമില്ലാത്തവ ഒഴിവാക്കി സഞ്ചരിച്ചാല്‍ ഇന്ധനം കത്തുന്നത് കുറയും. വാഹനം കൃത്യമായി സര്‍വ്വീസ് നടത്തി, നല്ല എഞ്ചിന്‍ ഓയില്‍ ഉപയോഗിക്കണം. ടയറുകളുടെ പ്രഷര്‍ പരിശോധിക്കണം. വായു ആവശ്യത്തിന് ഇല്ലെങ്കില്‍ ദീര്‍ഘയാത്രകളില്‍ 2% അധികം ഇന്ധനം ചെലവാകും.
ചവിട്ടിപ്പൊളിച്ച് ആക്‌സിലറേറ്ററില്‍ അമര്‍ത്തരുത്. അല്‍പ്പം ദയവ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത് ഇന്ധനക്ഷമതയില്‍ അത്യാവശ്യമാണ്. ഒരേ ഗിയറില്‍ അധികസമയം ഓടിക്കാതെ കൃത്യമയത്ത്, ഡീസല്‍ കാറുകളില്‍ 2000 ആര്‍പിഎം, പെട്രോളില്‍ 2500 എന്നിവ ശ്രദ്ധിച്ച് ഗിയര്‍ മാറാം.
പെട്ടെന്ന് വേഗത കൂട്ടുന്നതും കുറയ്ക്കുന്നതും ഇന്ധനടാങ്കില്‍ സമ്മര്‍ദം സൃഷ്ടിക്കും. അതുകൊണ്ട് വഴിക്ക് അനുയോജ്യമായ ഡ്രൈവിംഗ് രീതി ആശ്വാസമാകും. ട്രാഫിക് സിഗ്നലുകളിലും, തിരക്കുള്ള സ്ഥലങ്ങളിലും വാഹനം പതിയെ നീങ്ങുന്നത് ഗുണകരമാണ്. മുഴുവനായി നിര്‍ത്തി റീസ്റ്റാര്‍ട്ട് ചെയ്യുന്നത് ഇന്ധനം കൂടുതല്‍ ചെലവാകുന്ന പണിയാണ്.
വേഗത കുറഞ്ഞ യാത്രകളില്‍ എസി ഇന്ധനച്ചെലവ് 20% കൂട്ടും. ഈ സമയത്ത് ജനല്‍ തുറന്നിട്ടാല്‍ ഗുണകരമാകും. മാന്യമായ വേഗതയില്‍ പോകുന്നത് ഇന്ധനച്ചെലവ് കുറയ്ക്കുന്ന ഘടകമാണ്. അതിവേഗതയാണ് ആഗ്രഹമെങ്കിലും പോക്കറ്റും വേഗം കാലിയാകും. കാറ്റിനെ തടയുന്ന വസ്തുക്കള്‍ വാഹനത്തിന് പുറത്ത് നിന്നും ആവശ്യമില്ലാത്ത സമയത്ത് ഒഴിവാക്കാം. ഓട്ടോമാറ്റിക് കാറുകള്‍ മാന്വല്‍ വാഹനങ്ങളേക്കാള്‍ 15% ഇന്ധം കൂടുതല്‍ ഉപയോഗിക്കും.