മുലയൂട്ടുന്നത് എങ്ങിനെയെന്ന് ആരെങ്കിലും പഠിപ്പിക്കേണ്ട കാര്യമാണോ? ഈ ചോദ്യം സ്വാഭാവികമാണെങ്കിലും യുകെയില്‍ ഇത് വേണ്ടി വരുമെന്നതാണ് അവസ്ഥ. ലോകത്തില്‍ തന്നെ ഏറ്റവും കുറവ് മുലയൂട്ടുന്ന രാജ്യമെന്ന നിലയില്‍ പെണ്‍കുട്ടികള്‍ക്ക് ഇതിനായുള്ള ക്ലാസുകള്‍ സ്‌കൂളുകളില്‍ തന്നെ എടുക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
81 ശതമാനം കുട്ടികള്‍ക്കാണ് സ്വാഭാവികമായ രീതിയില്‍ ഭക്ഷണം എത്തുന്നത്. ബാക്കി 150,000 കുട്ടികള്‍ക്കും ഓരോ വര്‍ഷവും മുലപ്പാല്‍ ലഭിക്കാതെ പോകുന്നുണ്ട്. യൂണിസെഫ് തയ്യാറാക്കിയ കണക്കുകളാണ് ഈ അവസ്ഥ പുറത്തുകൊണ്ടുവരുന്നത്. ആദ്യ ആറ് മാസത്തില്‍ മുലപ്പാല്‍ മാത്രം നല്‍കണമെന്ന് എന്‍എച്ച്എസ് പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ ബോധവത്കരണവും നടത്തിയിട്ടും ഏശുന്നില്ല.
ഇതോടെയാണ് മുലയൂട്ടല്‍ ഒരു പാഠ്യവിഷമായി സ്‌കൂളില്‍ പഠിപ്പിക്കണമെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് & ചൈല്‍ഡ് ഹെല്‍ത്ത് ആവശ്യപ്പെടുന്നത്. ഇതുവഴി കുഞ്ഞുങ്ങള്‍ക്ക് സ്വാഭാവികമായ രീതിയില്‍ പോഷകാഹാരം നല്‍കേണ്ടത് മുലയൂട്ടല്‍ വഴിയാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിയും.
യൂണിസെഫിന്റെ കണക്ക് പ്രകാരം അയര്‍ലണ്ടിലാണ്, 55 ഏറ്റവും കുറഞ്ഞ നിരക്കുള്ളത്. ശ്രീലങ്കയാണ് മുലയൂട്ടലില്‍ മുന്നില്‍ 99.4.