നിങ്ങളുടെ കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ 1000 പൗണ്ട് കിട്ടിയാല്‍ എന്താ പുളിക്കുമോ? മില്ല്യണ്‍ കണക്കിന് രക്ഷിതാക്കള്‍ ഈ പണം കാണാതെ കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലേബര്‍ സര്‍ക്കാരിന്റെ കാലത്തെ ചൈല്‍ഡ് ട്രസ്റ്റ് ഫണ്ടാണ് ഇതിന് കാരണം.
കുട്ടികള്‍ക്ക് വേണ്ടി സേവിംഗ്‌സ് സൃഷ്ടിക്കാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ഈ പദ്ധതി സൃഷ്ടിച്ചത്. എന്നാല്‍ ഈ പദ്ധതി പ്രകാരമുള്ള തുക പലരും കൈപ്പറ്റിയിട്ടില്ല. 2002 സെപ്റ്റംബര്‍ 1 മുതല്‍ 2011 ജനുവരി 2 വരെ ജനിച്ച കുട്ടികള്‍ക്ക് വേണ്ടിയാണ് ഫണ്ട് ആരംഭിച്ചത്.
അക്കൗണ്ട് ഓപ്പണ്‍ ചെയ്ത ഘട്ടത്തില്‍ രക്ഷിതാക്കള്‍ക്ക് ആദ്യത്തെ 250 പൗണ്ട് വൗച്ചര്‍ കൈമാറിയിരുന്നു. കുട്ടികള്‍ക്ക് ഏഴ് വയസ്സ് എത്തിയപ്പോള്‍ 250 പൗണ്ട് ടോപ്പ് അപ്പും ലഭിച്ചു. ചെറിയ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഇരട്ടി തുക ലഭിക്കും. ഇനി ചൈല്‍ഡ് ട്രസ്റ്റ് ഫണ്ട് കുട്ടികള്‍ക്കായി ആരംഭിക്കാത്തവര്‍ക്കും സര്‍ക്കാര്‍ ഇത് ആരംഭിച്ചിരുന്നു. അതുകൊണ്ട് അവര്‍ക്കും ഈ തുക ലഭിക്കും.