അഹമ്മദാബാദില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീണ് പൊട്ടിത്തെറിച്ച എയര്‍ ഇന്ത്യ വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം എഐ 171 വിമാനത്തിന്റെ രണ്ട് ഫ്യൂവല്‍ സ്വിച്ചുകളും ഓഫായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇത് പൈലറ്റുമാരുടെ പിഴവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ എടുത്തുചാടി അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് അധികൃതര്‍ തന്നെ മുന്നറിയിപ്പ് നല്‍കി.
അതേസമയം വിമാനത്തിലെ ഫ്യൂവല്‍ സ്വിച്ചുകള്‍ തെറ്റായാണ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതെന്ന് ആറ് വര്‍ഷം മുന്‍പ് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ യാത്രക്കാര്‍ ഉള്‍പ്പെടെ 260 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിമാനത്തില്‍ ഒരാളൊഴികെ മറ്റെല്ലാവരും കത്തിയമര്‍ന്നു.
വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ രണ്ട് ഫ്യൂവല്‍ സ്വിച്ചുകള്‍ എങ്ങനെ ഓഫായെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഇതുവഴി വിമാനത്തിന്റെ ശേഷി നഷ്ടമാകുകയും, താഴേക്ക് പതിക്കുകയുമായിരുന്നു. സ്വിച്ചുകളുടെ ലോക്കിംഗ് ഫീച്ചര്‍ മൂലം ഉയര്‍ത്തിയ ശേഷം വേണം ഇവയുടെ പൊസിഷന്‍ മാറ്റാന്‍.
എന്നാല്‍ ചില ബോയിംഗ് 737 വിമാനങ്ങളില്‍ ഈ ലോക്കിംഗ് ഫീച്ചര്‍ എന്‍ഗേജ് ചെയ്യാതെയാണ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതെന്ന് 2018 ഡിസംബറില്‍ യുഎസ് എയര്‍ റെഗുലേറ്റര്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിമാനകമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നകതായി ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ സ്വിച്ചുകള്‍ അപകടത്തില്‍ പെട്ട വിമാനത്തില്‍ ഓഫായ നിലയിലായിരുന്നുവെന്ന് ഐഎഎബി റിപ്പോര്‍ട്ട് വെളിപ്പെടുത്തി. വിമാനത്തിലെ വോയ്‌സ് റെക്കോര്‍ഡറില്‍ ഒരു പൈലറ്റ് ആരാണ് ഈ ഫ്യൂവല്‍ സപ്ലൈ ഓഫാക്കിയതെന്ന് ചോദിക്കുന്നതായി വ്യക്തമായിട്ടുണ്ട്. എന്നാല്‍ താന്‍ ചെയ്തില്ലെന്ന് സഹപൈലറ്റ് മറുപടി നല്‍കി.