ബര്‍മിംഗ്ഹാമിലെ എം6ല്‍ കാറില്‍ ലോറി ഇടിച്ചു കയറിയ അപകടത്തില്‍ എട്ട് വയസ്സുള്ള ഇന്ത്യന്‍ വംശജന്‍. ഡോക്ടറാകാന്‍ സ്വപ്‌നം കണ്ട ദേവ് നരന്റെ ജീവനാണ് കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന അപകടം കവര്‍ന്നത്. ദേവ് സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസില്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. പഠനത്തില്‍ മിടുക്കനായ ദേവ് വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതിലും ശ്രദ്ധ ചെലുത്തിയിരുന്ന വ്യക്തിയാണെന്ന് മാതാപിതാക്കള്‍ ദുഃഖത്തോടെ സ്മരിക്കുന്നു. 60 വയസ്സിലും, 20 വയസ്സിലുമുള്ള രണ്ട് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ലോറിയുടെ ഡ്രൈവറായ 62-കാരനെ അപകടകരമായ ഡ്രൈവിംഗിലൂടെ മരണം വരുത്തിവെച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു.
എല്ലാ തരത്തിലും പെര്‍ഫെക്ടായിരുന്നു ദേവെന്ന് മാതാപിതാക്കള്‍ പറയുന്നു. ജനിച്ചപ്പോള്‍ മുതല്‍ തലച്ചോറിന് കേടുപാട് സംഭവിച്ച് രോഗാവസ്ഥയിലുള്ള ഇളയ സഹോദരനെ പരിപാലിക്കാനും ലെസ്റ്ററില്‍ നിന്നുമുള്ള ഈ കുട്ടി സമയം കണ്ടെത്തിയിരുന്നു. സ്‌പോര്‍ട്‌സ് ഫാനായ ദേവ് ലെസ്റ്റര്‍ സിറ്റി ആരാധകനായിരുന്നു. ജംഗ്ഷന്‍ 6നും, 5നും ഇടയില്‍ ഇവരുടെ കാര്‍ നിര്‍ത്തിയ സമയത്തായിരുന്നു അപകടമെന്നാണ് കരുതുന്നത്. കാറില്‍ ദേവിനൊപ്പമുണ്ടായിരുന്നവര്‍ക്ക് ഗുരുതര പരുക്കാണ് ഏറ്റിട്ടുള്ളതെങ്കിലും ജീവന്‍ അപകടത്തിലല്ല. ബര്‍മിംഗ്ഹാം ഹാര്‍ട്ട്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കി.
60കളില്‍ പ്രായമുള്ള ആളുടെ തോളാണ് ഒടിഞ്ഞിരിക്കുന്നത്. 20കളില്‍ പ്രായമുള്ള യുവതിയുടെ കാലിനാണ് പരുക്കേറ്റത്. ഇവര്‍ക്ക് ദേവിന്റെ കുടുംബവുമായുള്ള ബന്ധം വ്യക്തമല്ല. അപകടത്തിന് സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നാണ് സീരിയസ് കൊളീഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ സര്‍ജന്റ് അലന്‍ വുഡ് വ്യക്തമാക്കുന്നത്. ഹാംപ്ഷയറില്‍ നിന്നുമുള്ള വ്യക്തിയാണ് ലോറി ഡ്രൈവര്‍. ഇയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയച്ചു. പാരാമെഡിക്കുകള്‍ സ്ഥലത്ത് എത്തുമ്പോള്‍ ദേവിന് കാര്‍ഡിയാക് അറസ്റ്റ് നേരിട്ടിരുന്നു. സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വ്വീസ് വക്താവ് പറഞ്ഞു.
അപകടത്തില്‍ ബാധിക്കപ്പെട്ടത് ഒരു ഇന്ത്യന്‍ കുടുംബമാണെന്ന് വ്യക്തമായതോടെ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഞെട്ടലിലാണ്. എട്ട് വയസ്സ് മാത്രം പ്രായമുള്ള ദേവിന്റെ മരണം ഈ ഞെട്ടലിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയാണ്.