ഈസ്റ്റ് ലണ്ടന്‍ ട്യൂബ് സ്റ്റേഷന് സമീപമുണ്ടായ ആസിഡ് അക്രമണത്തില്‍ പരുക്കേറ്റ രണ്ട് കൗമാരക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളായ ആളുകള്‍ ഇരകളുടെ മുഖത്ത് വെള്ളമൊഴിച്ച് നല്‍കേണ്ട അവസ്ഥയുണ്ടായി. 17, 18 വയസ്സുകാരായ രണ്ട് പേര്‍ക്കാണ് ആസിഡ് അക്രമണം നേരിടേണ്ടി വന്നതെന്നാണ് പ്രാഥമിക വിവരം. ഒരു തര്‍ക്കത്തിനൊടുവിലാണ് അക്രമം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.
പ്ലെയിസ്റ്റോ സ്‌റ്റേഷനിലേക്ക് വിവരങ്ങള്‍ അറിഞ്ഞ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ കുതിച്ചെത്തി. രാത്രി 11.47-നായിരുന്നു സംഭവങ്ങള്‍. 18 വയസ്സുള്ള ഇരയുടെ മുഖത്ത് പൊള്ളലേറ്റതിന് പുറമെ തലയില്‍ മുറിവും ഉള്ളതായി പോലീസ് വ്യക്തമാക്കി.
17 വയസ്സുള്ള ആണ്‍കുട്ടിക്കും മുഖത്താണ് പൊള്ളലേറ്റത്. കാല്‍മുട്ടിന് ചെറിയ മുറിവുകളും ഏറ്റിട്ടുണ്ട്. രണ്ട് പേരെയും ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ജീവന്‍ അപകടത്തിലാക്കുന്നത് അല്ലെന്നും ഗുരുതരമല്ലെന്നും മെറ്റ് പോലീസ് വക്താവ് അറിയിച്ചു. തെരുവില്‍ നിന്നും കത്തിയും, ആസിഡ് അടങ്ങിയ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണ്.