യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ കാര്‍ഡ് പേയ്‌മെന്റുകള്‍ നിശ്ചലമാക്കി വിസയുടെ സിസ്റ്റത്തിലെ കുഴപ്പങ്ങള്‍. നാട്ടുകാരെയും ബിസിനസ്സുകളെയും കുഴപ്പത്തിലാക്കിയ പ്രശ്‌നത്തിന് വിസ മാപ്പ് പറഞ്ഞു. തകാര്‍ഡുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ പരാജയപ്പെട്ടതായി കമ്പനി സമ്മതിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വിസ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായതോടെ പരാതിയുമായി ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ഹാര്‍ഡ്‌വെയര്‍ പ്രശ്‌നങ്ങളാണ് കാര്‍ഡിനെ ബാധിച്ചത്. യുകെയിലും യൂറോപ്പിലുമാണ് പ്രതിസന്ധി ഉണ്ടായതെന്ന് വിസ വക്താവ് സ്ഥിരീകരിച്ചു. 365 ദിവസവും 24 മണിക്കൂറും സുഗമമായി പ്രവര്‍ത്തിക്കാനാണ് വിസയുടെ ശ്രമമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം രാജ്യത്ത് വ്യാപകമായതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിസയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കാര്‍ഡ് പേയ്‌മെന്റ് നടക്കാതെ വന്നതോടെ പണം പോക്കറ്റിലിട്ട് നടക്കാത്ത ആളുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയായി. കാര്‍ഡ് ഉപയോഗിച്ച് അനാവശ്യമായി പണം പോയിട്ടുണ്ടെങ്കിലും ഇതിന്റെ തെളിവ് സൂക്ഷിച്ചാല്‍ ക്ലെയിം ചെയ്യാം.